ചട്ടങ്ങൾ മറികടക്കാൻ കമ്മീഷന് അധികാരമില്ല; വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയ 43 ലക്ഷം പേർ എവിടെയെന്ന് സുപ്രീംകോടതി

ചട്ടങ്ങൾ മറികടക്കാൻ കമ്മീഷന് അധികാരമില്ല; വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയ 43 ലക്ഷം പേർ എവിടെയെന്ന് സുപ്രീംകോടതി

എസ്ഐആർ കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി സുപ്രധാന നിരീക്ഷണങ്ങൾ നടത്തി. ഫോം 6, 7, 8 എന്നിവയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, കമ്മീഷന് ഇവയിൽ അധിക വ്യവസ്ഥകൾ ചേർക്കാവുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരങ്ങളുണ്ടെങ്കിലും ചട്ടങ്ങളെ മറികടക്കാൻ അതിന് സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പേര്, പ്രായം, വിലാസം തുടങ്ങിയവയിലെ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി വോട്ടർമാരെ ഒഴിവാക്കുന്നതിനെ സംബന്ധിച്ചാണ് കോടതിയുടെ ഈ നിരീക്ഷണം. 2003ലെ വോട്ടർപട്ടികയിൽ പേരുള്ളവരെ രേഖകളിലെ പൊരുത്തക്കേടുകളുടെ പേരിൽ ഒഴിവാക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. എന്യുമറേഷൻ ഫോം നൽകിയില്ലെന്ന കാരണത്താൽ വോട്ടവകാശം എന്നെന്നേക്കുമായി നിഷേധിക്കാനാകുമോ എന്നും കോടതി ആരാഞ്ഞു.

രേഖകളിലെ പൊരുത്തക്കേടുകളുടെ പേരിൽ വോട്ടർമാരെ ഒഴിവാക്കുന്നതിന് അന്തിമ അനുമതി നൽകിയിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. പശ്ചിമബംഗാളിൽ പരിശോധന അനുവദിച്ചത് ഇടക്കാല ക്രമീകരണം മാത്രമായിരുന്നു. ബിഹാർ വിധിയിൽ ഇതിന്റെ നിയമസാധുത പരിഗണിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.

താമസമില്ലാത്തവരായി ഒഴിവാക്കിയ 43 ലക്ഷം പേർ എവിടെയാണെന്ന് കോടതി ആരാഞ്ഞു. വിലാസം മാറിയതിന്റെ പേരിൽ ആരെയും പട്ടികയിൽ നിന്ന് ഒഴിവാക്കരുത്. ഈ 43 ലക്ഷം പേരെ കണ്ടെത്താൻ ശ്രമിക്കണമെന്നും കോടതി നിർദേശിച്ചു. എസ്ഐആർ നടക്കുന്ന വേളയിൽ എന്യൂമറേഷൻ ഫോം ഇവർക്ക് ഉപയോഗിക്കാൻ കഴിയണം.

ഫോം 6-ന്റെ പ്രസക്തി അന്തിമ പട്ടിക വന്നതിനു ശേഷമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. താമസം മാറിയവരെക്കൊണ്ട് ഫോം സിക്സ് എന്തിന് പൂരിപ്പിക്കുന്നുവെന്നും കോടതി ചോദിച്ചു.

കരടു പട്ടികയിൽ നിന്ന് ഒഴിവായവരിൽ അധികം പേർ മുന്നോട്ടു വരുന്നില്ലെന്നായിരുന്നു കമ്മീഷന്റെ മറുപടി. ഇതിനായി സുപ്രീം കോടതി കമ്മീഷന് രണ്ടാഴ്ച കൂടി സമയം അനുവദിച്ചു. അതുവരെ അന്തിമ പട്ടിക തയ്യാറാക്കരുതെന്നും കോടതി നിർദേശിച്ചു.