അർണബ് ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറില്‍ 222 കിലോമീറ്റർ വരെ ആകാമെന്ന മുന്നറിയിപ്പുമായി യുഎസ് നാവികസേന. കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചതിന്റെ ഇരട്ടി വേഗതയില്‍ കാറ്റ് കരയിലേക്കെത്താമെന്നാണ് യുഎസ് നാവികസേനയുടെ ജോയിന്റ് ടൈഫൂണ്‍ വാണിങ് സെന്റർ ആണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മണിക്കൂറില്‍ 115 മുതല്‍ 130 കിലോമീറ്റർ വരെ വേഗം കാറ്റിന് ഉണ്ടാകും എന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അതിതീവ്ര ചുഴലിക്കാറ്റായ അർണബ് നാളെ പുലർച്ചെ കര തൊടുമെന്നിരിക്കെയാണ് യുഎസ് നാവിക സേനയുടെ മുന്നറിയിപ്പ് ആശങ്ക വർദ്ധിപ്പിക്കുന്നത്. ചുഴലിക്കാറ്റ് കരയില്‍ കാര്യമായ നാശനഷ്ടമുണ്ടാക്കിയേക്കാമെന്ന മുന്നറിയിപ്പാണ് യുഎസ് നാവിക സേനയുടേത്. അർണബ് ചുഴലിക്കാറ്റിനെ അതിതീവ്ര ചുഴലിക്കാറ്റായി പ്രഖ്യാപിച്ചതിന് പിന്നാലെ അതീവ ജാഗ്രതയില്‍ ആന്ധ്രയും ഒഡീഷയുമുള്ളത്.
ചെന്നൈ, വിശാഖപട്ടണം തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധം. എണ്ണൂർ എക്സ്പ്രസ് വേയില്‍ ഗതാഗതം നിരോധിച്ചു. ഒരു ലക്ഷത്തിലേറെ പേരെയാണ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മാറ്റി താമസിപ്പിച്ചിട്ടുള്ളത്. നൂറോളം ട്രെയിനുകളും 21 വിമാനസർവീസുകളും റദ്ദാക്കിയിട്ടുണ്ട്. അർണബ് അതിതീവ്രചുഴലിക്കാറ്റായി കരയിലേക്ക് നീങ്ങിത്തുടങ്ങിയതോടെ ആന്ധ്രയിലും ഒഡീഷയിലും മഴയും കാറ്റും ശക്തമാണ്. ചെന്നൈ എണ്ണൂർ എക്സ്പ്രസ് വേയിലേക്ക് കടലിരച്ച് കയറിയതോടെ ഇത് വഴിയുള്ള ഗതാഗതം നിർത്തിവച്ചു

