ഡിജിറ്റൽ ഡാറ്റ സംരക്ഷണ നിയമത്തിനെതിരായ ഹർജി: കേന്ദ്രത്തിന്റെ മറുപടി തേടി സുപ്രീംകോടതി

ഡിജിറ്റൽ ഡാറ്റ സംരക്ഷണ നിയമത്തിനെതിരായ ഹർജി: കേന്ദ്രത്തിന്റെ മറുപടി തേടി സുപ്രീംകോടതി

ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട് 2023ലെ വിവിധ വ്യവസ്ഥകളുടെ ഭരണഘടനാസാധുത ചോദ്യംചെയ്ത് മാധ്യമസ്ഥാപനങ്ങൾ നൽകിയ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് മറുപടി ആവശ്യപ്പെട്ടു. ഒരാളെക്കുറിച്ച് വാർത്ത റിപ്പോർട്ട് ചെയ്യാൻ അയാളുടെ അനുവാദം വേണമെന്ന വ്യവസ്ഥ ഉൾപ്പെടെയാണ് ചോദ്യംചെയ്യപ്പെട്ടിരിക്കുന്നത്. കോടതി നോട്ടീസ് അയച്ചു. കേസ് ഇനി നവംബർ 17ന് പരിഗണിക്കും.

നിയമത്തിലെ പല വ്യവസ്ഥകളും വാർത്താറൂമുകളുടെ പ്രവർത്തനത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും സാരമായി ബാധിക്കുമെന്നാണ് ഹർജിക്കാരുടെ നിലപാട്. വ്യക്തികളുടെ മുൻകൂർ അനുമതിയോടെ മാത്രം വാർത്ത നൽകേണ്ടിവരുന്നത് മുൻകൂർ സെൻസർഷിപ്പിനു തുല്യമാണെന്ന് ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷക മാധവി ദിവാൻ വാദിച്ചു.

അന്വേഷണാത്മക പത്രപ്രവർത്തനത്തിന് ഇത് വലിയ തിരിച്ചടിയാകുമെന്നും ഹർജിയിൽ പറയുന്നു. വിവരദാതാക്കളുടെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്ന കാര്യത്തിൽ സർക്കാരിന് അമിതാധികാരം നൽകുന്നത് ഭീഷണിയാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

ഡാറ്റ പ്രൊട്ടക്ഷൻ ബോർഡിന്റെ ഘടനയും വിവരാവകാശ നിയമത്തിൽ വരുത്തിയ ഭേദഗതികളും ഹർജിയിൽ ചോദ്യംചെയ്യപ്പെടുന്നു. വാർത്തകളുടെ രഹസ്യ ഉറവിടങ്ങൾ മാധ്യമപ്രവർത്തകരിൽനിന്ന് ലഭ്യമാക്കാൻ വഴിയൊരുക്കുന്ന വ്യവസ്ഥകളെയും ഹർജിക്കാർ എതിർക്കുന്നു. ഇത്തരം വ്യവസ്ഥകൾ പൊതുപ്രാധാന്യമുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നതിൽനിന്ന് വിസിൽ ബ്ലോവർമാരെ പിന്തിരിപ്പിക്കുമെന്നാണ് അവരുടെ വാദം.

മുൻകാലങ്ങളിലെ ഡാറ്റ സംരക്ഷണ നിയമത്തിൽ മാധ്യമപ്രവർത്തനത്തിന് ഇളവ് അനുവദിച്ചിരുന്നു. എന്നാൽ 2022ലെ ഡാറ്റ സംരക്ഷണ ബില്ലിന്റെ കരടിൽ മാധ്യമപ്രവർത്തനത്തിന് പ്രത്യേക ഇളവ് നിലനിർത്തിയില്ലെന്നും, കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്യുന്ന ഇളവുകൾ മാത്രമാണ് പരിഗണിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

നിയമത്തിന്റെ ദുരുപയോഗം തടയാൻ വേണ്ട സുരക്ഷാമുൻകരുതലുകൾ സർക്കാരിനോട് നിർദേശിക്കാൻ ഹർജിക്കാർക്കു കഴിയുമെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. പൗരന്മാരുടെയും മാധ്യമങ്ങളുടെയും അവകാശങ്ങൾ തമ്മിൽ സന്തുലിതാവസ്ഥ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.