കുറ്റക്കാർ ആരായാലും വിട്ടുവീഴ്ചയില്ല: ഭദ്രകീർത്തിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്, ജഡ്ജിയെ പ്രതിചേർത്തു

കുറ്റക്കാർ ആരായാലും വിട്ടുവീഴ്ചയില്ല: ഭദ്രകീർത്തിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്, ജഡ്ജിയെ പ്രതിചേർത്തു

17 വയസ്സുകാരൻ ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ, വാഹന ഉടമയായ ജഡ്ജിയെ കേസിൽ പ്രതിചേർത്തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ പിതാവു കൂടിയാണ് ഈ ജഡ്ജി. കൊച്ചി ചേരാനെല്ലൂരിലുണ്ടായ അപകടത്തിൽ ജയപാലകൃഷ്ണനാണ് മരിച്ചത്. വിമർശനങ്ങൾ ശക്തമായതിനെ തുടർന്നാണ് ജഡ്ജിയെ പ്രതിപ്പട്ടികയിൽ ചേർത്തത്.

ഇതിനിടെ, മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയെ മുഖ്യമന്ത്രി വിഡി സതീശൻ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു. കുടുംബത്തിന് വേണ്ട എല്ലാ നിയമസഹായവും ഉറപ്പാക്കുമെന്നും സർക്കാർ കുടുംബത്തിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കുറ്റക്കാർ ആരായാലും ഒരു വിട്ടുവീഴ്ചയുമില്ലാതെ കർശന നടപടി സ്വീകരിക്കുമെന്ന് കുടുംബത്തിന് ഉറപ്പ് നൽകിയതായും വിഡി സതീശൻ പറഞ്ഞു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ജയപാലകൃഷ്ണന്റെ കുടുംബവുമായി സംസാരിച്ചിരുന്നു.

പ്രതികളെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് കുടുംബം പൊലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തിവരികയായിരുന്നു. ഈ സമരം തത്കാലത്തേക്ക് അവസാനിപ്പിച്ചിട്ടുണ്ട്. എന്നാൽ പ്രതികൾക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ സമരം വീണ്ടും തുടരുമെന്ന് കുടുംബം വ്യക്തമാക്കി.

പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്നറിയാൻ നാളെ വൈകിട്ട് 4 മണി വരെ കാത്തിരിക്കുമെന്നും ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും കുടുംബം പറഞ്ഞു. 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്നും വാഹന ഉടമയായ ജഡ്ജിയെ സസ്പെൻഡ് ചെയ്യണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ.