ദില്ലി: സഹകരണ ബാങ്കിലെ അംഗം ആവശ്യപ്പെടുന്ന രേഖകൾ അദ്ദേഹത്തിന് ലഭ്യമാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
മുപ്പത്തടം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിലെ അംഗമായ പി.ആർ. രാമചന്ദ്രൻ സമർപ്പിച്ച വിവരാവകാശ അപേക്ഷയാണ് കേസിന് ആധാരം. ബാങ്കും ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും തമ്മിലുള്ള കെട്ടിട നിർമാണ കരാറിന്റെ പകർപ്പും ബാങ്കിന്റെ അവസാന ജനറൽ ബോഡി യോഗത്തിന്റെ മിനിറ്റ്സുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.എന്നാൽ വിവരാവകാശ നിയമപ്രകാരമുള്ള പൊതു അതോറിറ്റിയല്ല തങ്ങളെന്ന വാദമുയർത്തി ബാങ്ക് രേഖകൾ നൽകാൻ വിസമ്മതിച്ചു. ഇതോടെയാണ് വിഷയം നിയമനടപടികളിലേക്ക് നീങ്ങിയത്.
കേരള സഹകരണ സംഘ നിയമപ്രകാരം സഹകരണ സംഘങ്ങളുടെ രേഖകൾ പരിശോധിക്കാനും ആവശ്യപ്പെടാനും രജിസ്ട്രാർക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഒരു സ്ഥാപനം ആർടിഐ നിയമത്തിലെ പൊതു അതോറിറ്റി അല്ലെങ്കിൽപ്പോലും, നിയമപ്രകാരം ഒരു പൊതു അതോറിറ്റിക്ക് ലഭ്യമാക്കാവുന്ന രേഖകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്നും കോടതി നിരീക്ഷിച്ചു.രേഖകൾ ആവശ്യപ്പെടുംമുമ്പ് അന്വേഷണം തുടങ്ങാനുള്ള തീരുമാനം ഉണ്ടായിരിക്കണമെന്ന ബാങ്കിന്റെ വാദവും കോടതി തള്ളി. അന്വേഷണം വേണോ എന്ന് തീരുമാനിക്കാൻ പോലും ബന്ധപ്പെട്ട രേഖകൾ പരിശോധിക്കേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി.
ആവശ്യപ്പെട്ട രേഖകൾ വാണിജ്യ രഹസ്യങ്ങളോ ബൗദ്ധിക സ്വത്തുമായി ബന്ധപ്പെട്ട വിവരങ്ങളോ അല്ലെന്നും കോടതി നിരീക്ഷിച്ചു. നിർമാണ കരാറും ജനറൽ ബോഡി മിനിറ്റ്സും ചോദിച്ചത് ബാങ്കിലെ അംഗമായതിനാൽ, അവ ബാങ്കിന്റെ സ്വകാര്യ വിവരങ്ങളാണെന്നോ പൊതുതാൽപര്യവുമായി ബന്ധമില്ലാത്തവയാണെന്നോ പറഞ്ഞ് അംഗത്തിന് നിഷേധിക്കാനാകില്ലെന്നും കോടതി പറഞ്ഞു.അതേസമയം, ബാങ്കുമായി ബന്ധമില്ലാത്ത ഒരാൾ ഇത്തരം രേഖകൾ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ സ്ഥിതി വ്യത്യസ്തമായിരിക്കാമെന്നും വിധിയിൽ പരാമർശമുണ്ട്.
കേരള സഹകരണ സംഘ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം രജിസ്ട്രാർക്ക് സഹകരണ സംഘങ്ങളുടെ രേഖകൾ പരിശോധിക്കാനും മേൽനോട്ടം വഹിക്കാനും അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട ജോയിന്റ് രജിസ്ട്രാർ രണ്ട് രേഖകളും ഉടൻ ആവശ്യപ്പെടണമെന്നും പരമാവധി രണ്ടാഴ്ചയ്ക്കകം ഹർജിക്കാരന് കൈമാറണമെന്നും നിർദേശിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, മുപ്പത്തടം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് നൽകിയ രണ്ട് അപ്പീലുകളും തള്ളി. കേസിൽ മുപ്പത്തടം സഹകരണബാങ്കിനായി മുതിർന്ന അഭിഭാഷകൻ എസ് പി ചാലി, അഭിഭാഷകൻ പി എസ് സുധീർ എന്നിവർ ഹാജരായി. സംസ്ഥാന വിവരാവകാശ കമ്മീഷനായി അഭിഭാഷകൻ എം.ആർ. അഭിലാഷും ഹാജരായി.

