ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ അപകടം: പ്രായപൂർത്തിയാകാത്തയാളുടെ പിതാവായ ജഡ്ജിക്കെതിരെ കേസെടുക്കണമെന്ന് പരാതി

ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ അപകടം: പ്രായപൂർത്തിയാകാത്തയാളുടെ പിതാവായ ജഡ്ജിക്കെതിരെ കേസെടുക്കണമെന്ന് പരാതി

ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ, വാഹനമോടിച്ച ജുവനൈലിന്റെ പിതാവിനെതിരെ ക്രിമിനൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. സുഭാഷ് തീക്കാടൻ ചേരാനല്ലൂർ പോലീസിൽ പരാതി നൽകി. കാറിന്റെ ഉടമസ്ഥനും ജുവനൈലിന്റെ പിതാവുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇരിഞ്ഞാലക്കുട അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജിക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 199എ പ്രകാരം നടപടി വേണമെന്നാണ് ആവശ്യം.

ഒക്ടോബർ 25ന് പുലർച്ചെ ചേരാനല്ലൂർ കണ്ടെയ്നർ റോഡിലായിരുന്നു അപകടം. 55 വയസുകാരനായ ജയബാലകൃഷ്ണനാണ് മരിച്ചത്. ഈ സംഭവത്തിൽ ചേരാനല്ലൂർ പോലീസ് ക്രൈം നമ്പർ 499/2026 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ജുവനൈലിന്റെ പിതാവിനെതിരെ മോട്ടോർ വാഹന നിയമപ്രകാരമുള്ള നടപടി സ്വീകരിക്കണമെന്നതാണ് പരാതിയിലെ മുഖ്യ ആവശ്യം.

പ്രായപൂർത്തിയാകാത്തവർ നടത്തുന്ന നിയമലംഘനങ്ങളിൽ, നിയമം നിഷ്കർഷിക്കുന്ന സാഹചര്യങ്ങളിൽ രക്ഷിതാവിനോ വാഹന ഉടമയ്ക്കോ ക്രിമിനൽ ഉത്തരവാദിത്തമുണ്ടെന്ന് സെക്ഷൻ 199എ വ്യക്തമാക്കുന്നതായി പരാതിയിൽ പറയുന്നു. മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നും ചൂണ്ടിക്കാട്ടുന്നു.

അപകടത്തിൽപ്പെട്ട വാഹനത്തിന്റെ രജിസ്ട്രേഷൻ നിയമപ്രകാരം ഒരു വർഷത്തേക്ക് റദ്ദാക്കണമെന്നും, ജുവനൈലിന് 25 വയസ് തികയുന്നതുവരെ ഡ്രൈവിങ് ലൈസൻസോ ലേണേഴ്സ് ലൈസൻസോ അനുവദിക്കാതിരിക്കാൻ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. വാഹനം ജുവനൈലിന്റെ കൈവശം എത്തിയത് എങ്ങനെയെന്നും വാഹനത്തിന്റെ യഥാർത്ഥ ഉടമസ്ഥാവകാശവും രജിസ്ട്രേഷൻ വിവരങ്ങളും വിശദമായി അന്വേഷിക്കണമെന്നും ആവശ്യമുണ്ട്.

ജുവനൈലിനെതിരായ നടപടികൾക്കു പുറമേ, രക്ഷിതാവിന്റെ നിയമപരമായ ഉത്തരവാദിത്തം സ്വതന്ത്രമായി അന്വേഷിക്കണമെന്ന കേരള ഹൈക്കോടതിയുടെ മുൻവിധിയും പരാതിയിൽ ഉദ്ധരിച്ചിട്ടുണ്ട്.

സംഭവത്തിൽ ഉൾപ്പെട്ടയാൾ ജുഡീഷ്യൽ ഓഫീസറായതിനാൽ, നിയമപ്രകാരമുള്ള നടപടികൾ ഉറപ്പാക്കാനും ആവശ്യമായ ഭരണപരമായ പരിശോധന നടത്താനും ജഡ്ജിക്കെതിരെ കേരള ഹൈക്കോടതി രജിസ്ട്രാർ ജനറലിനെയും സമീപിക്കുമെന്ന് അഡ്വ. സുഭാഷ് തീക്കാടൻ അറിയിച്ചു.