സൗദി അറേബ്യയിലേക്ക് വീണ്ടും ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. റിയാദ്, ദമാം, നജ്റാൻ വിമാനത്താവളങ്ങൾ ആക്രമിച്ചുവെന്നാണ് ഇവരുടെ വാദം. ഈസ്റ്റ് – വേസ്റ്റ് പൈപ്പ് ലൈനും റാബിഗ് ഓയിൽ റിഫൈനറിയും യാമ്പുവിലെ ആരാംകോ കമ്പനിയും ലക്ഷ്യമിട്ടെന്നും അവർ പറയുന്നു. മക്കയിലും മദീനയിലും മിസൈൽ അവശിഷ്ടങ്ങൾ വീണതായും റിപ്പോർട്ടുകളുണ്ട്.
ഈ സാഹചര്യത്തിൽ, സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സ്ഥിതി കണക്കിലെടുത്ത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും സൗദിയിലേക്കുള്ള സർവീസുകൾ റദ്ദാക്കിയത് നീട്ടി. അതോടെ ഉടനെയൊന്നും ഇരു കമ്പനികളുടെയും വിമാനങ്ങൾ സൗദിയിലേക്ക് പറക്കില്ല. റിയാദ്, ദമാം സർവീസുകളുടെ റദ്ദാക്കൽ നവംബർ ഏഴു വരെയും ജിദ്ദ സർവീസിന്റേത് ഒക്ടോബർ 31 വരെയുമാണ് നീട്ടിയത്.
യാത്ര മുടങ്ങുന്നവർക്ക് യാത്രാ തീയതി മാറ്റുകയോ ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും തിരികെ വാങ്ങുകയോ ചെയ്യാമെന്ന് എയർ ഇന്ത്യ അറിയിച്ചു.ജിദ്ദ, റിയാദ് നഗരങ്ങളിലേക്കും അവിടെ നിന്നുമുള്ള സർവീസുകൾ ആകാശ എയറും താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. ജിദ്ദയിലേക്കുള്ള സർവീസുകൾ നവംബർ 10 വരെയും റിയാദിലേക്കുള്ളവ നവംബർ 30 വരെയും ഉണ്ടാകില്ല. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
സർവീസ് റദ്ദാക്കൽ മൂലം യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക പൂർണമായി തിരികെ ലഭിക്കും. ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിച്ച അതേ അക്കൗണ്ടിലേക്ക് ഏഴ് ദിവസത്തിനകം തുക മടക്കി നൽകും. അധിക നിരക്ക് ഈടാക്കാതെ യാത്രാ തീയതി മാറ്റാനും അവസരമുണ്ട്. എന്നാൽ ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റ് എടുത്തവർ സഹായത്തിനായി അതത് ഏജൻസികളെ നേരിട്ട് സമീപിക്കണമെന്ന് ആകാശ എയർ അറിയിച്ചു.

