ടിക്കറ്റ് വിൽപ്പനയിൽ വമ്പൻ നേട്ടവുമായി കെഎസ്ആർടിസി

ടിക്കറ്റ് വിൽപ്പനയിൽ വമ്പൻ നേട്ടവുമായി കെഎസ്ആർടിസി

വ്യാഴാഴ്ച (ഒക്ടോബർ 22) ഒറ്റ ദിവസം 10.64 കോടി രൂപയുടെ ടിക്കറ്റ് വരുമാനമാണ് കെഎസ്ആർടിസി സ്വന്തമാക്കിയത്. ശബരിമല സീസൺ ഒഴികെയുള്ള ദിവസങ്ങളിലെ കണക്കെടുത്താൽ കോർപറേഷന് ലഭിച്ച രണ്ടാമത്തെ വലിയ വരുമാനമാണിത്. പ്രിയദർശിനി സർവീസുകളുടെ വരുമാനം ഒഴിവാക്കിയാലും മറ്റ് സർവീസുകളിൽ നിന്നു മാത്രം 7.33 കോടി രൂപ നേടാനായി.

പ്രിയദർശിനി ഇതര സർവീസുകളുടെ ശരാശരി വരുമാനം 5.77 കോടി രൂപയായിരുന്നു. അത് 7.33 കോടിയിലേക്ക് ഉയർന്നതിന് പിന്നിൽ വെറ്റ് ലീസ് ബസുകൾ കൂടി ഉപയോഗപ്പെടുത്തി അന്തർസംസ്ഥാന സർവീസുകൾ പരമാവധി ഓടിക്കാൻ കഴിഞ്ഞതാണ്. ഉത്സവ സീസണുകൾ ഫലപ്രദമായി ഉപയോഗിച്ചതാണ് ഈ നേട്ടത്തിന് കാരണമെന്നും കോർപറേഷൻ പറയുന്നു.കഴിഞ്ഞ വർഷം പൂജാ അവധിക്ക് ശേഷമുള്ള ഇതേ ദിവസം ആകെ ടിക്കറ്റ് വരുമാനം 9.41 കോടി രൂപയായിരുന്നു. ഇത്തവണ ടിക്കറ്റ് വിൽപ്പനയിൽ 1.24 കോടി രൂപയിലധികം വർധനവുണ്ടായി. പ്രിയദർശിനി സർവീസുകളെ മാറ്റിനിർത്തിയാലും മികച്ച വരുമാനം ലഭിച്ചത് സാധാരണ സർവീസുകളിൽ ഉൾപ്പെടെ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളുടെ ഫലമാണെന്നാണ് കോർപറേഷന്റെ വിലയിരുത്തൽ.

വ്യാഴാഴ്ച 4,612 ബസുകൾ നിരത്തിലിറക്കി 16.02 ലക്ഷം കിലോമീറ്റർ സർവീസ് നടത്തി. ഒരു കിലോമീറ്ററിൽ നിന്നുള്ള ശരാശരി വരുമാനം കഴിഞ്ഞ വർഷത്തെ 58.80 രൂപയിൽ നിന്ന് 66.44 രൂപയായി കൂടി. ഒരു ബസിൽ നിന്നുള്ള ശരാശരി വരുമാനവും 20,094 രൂപയിൽ നിന്ന് 23,215 രൂപയായി ഉയർന്നു.ഒറ്റ ദിവസം 30.61 ലക്ഷം യാത്രക്കാരാണ് കെഎസ്ആർടിസി ബസുകളെ ആശ്രയിച്ചത്. യാത്രക്കാരുടെ ആവശ്യം മനസ്സിലാക്കി കൂടുതൽ സർവീസുകൾ ക്രമീകരിക്കാനും, ലഭ്യമായ ബസുകൾ കാര്യക്ഷമമായി ഉപയോഗിച്ച് വരുമാനം വർധിപ്പിക്കാനുമുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് കോർപറേഷന്റെ തീരുമാനം.