ആറുമാസത്തിലേറെയായി റേഷന്‍ വാങ്ങാത്ത 44,279 മുന്‍ഗണനാ കാര്‍ഡുകാരെയാണു കേന്ദ്രത്തിന്റെ പുതിയ വ്യവസ്ഥ ആദ്യഘട്ടത്തില്‍ ബാധിക്കുക. ഇതില്‍ 5,370 മഞ്ഞകാര്‍ഡുകളും 38,909 പിങ്ക്കാര്‍ഡുകളും ഉള്‍പ്പെടുന്നു. ഈ പശ്ചാത്തലത്തില്‍ നടപടികള്‍ക്ക് ഇളവു തേടി കേന്ദ്രത്തിനു കത്തയച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
ഇ-കെവൈസി പ്രക്രിയയിലൂടെ റേഷന്‍ കാര്‍ഡുകള്‍ സജീവമാക്കാന്‍ മൂന്നുമാസത്തെ സമയപരിധിയാണു നിശ്ചയിച്ചിട്ടുള്ളത്. തുടര്‍ച്ചയായി ആറുമാസം കാര്‍ഡ് ഉപയോഗിക്കാത്ത ഗുണഭോക്താക്കളുടെ കാര്‍ഡുകള്‍ താല്‍ക്കാലികമായി റദ്ദാക്കാനും തുടര്‍പരിശോധന നടത്താനും വ്യവസ്ഥ ചെയ്യുന്നതാണ് 2025 ലെ ടാര്‍ഗെറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (നിയന്ത്രണ) ഭേദഗതി ഉത്തരവ്. ഇതു നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നാണു കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പ്രള്‍ഹാദ് ജോഷിക്ക് അയച്ച കത്തിലെ പ്രധാന ആവശ്യം.ആറുമാസം റേഷന്‍ വാങ്ങിയിട്ടില്ലെന്നതുകൊണ്ടു മാത്രം ഒരാള്‍ അയോഗ്യനാകുന്നില്ലെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിഷ്‌ക്രിയത്വത്തിനു പിന്നിലെ കാരണങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട്, അതിനു സമയമെടുക്കും. അതിനാല്‍ ഈ ഘട്ടത്തില്‍ പെട്ടെന്നു ഒഴിവാക്കുന്നത് അന്യായമായേക്കാം.
ഇത്തരത്തില്‍ ഒഴിവാക്കപ്പെടുന്നവരെ നിബന്ധനകള്‍ക്കു വിധേയമായി സംസ്ഥാനത്തിന്റെ ടൈഡ് ഓവര്‍/നോണ്‍-പ്രയോറിറ്റി വിഭാഗത്തിലേക്കു താല്‍ക്കാലികമായി മാറ്റാനോ നിലനിര്‍ത്താനോ അനുവദിക്കണമെന്നു കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഫീല്‍ഡ് വെരിഫിക്കേഷനും യോഗ്യതയുടെ പുനര്‍മൂല്യനിര്‍ണയവും പൂര്‍ത്തിയാകുംവരെ എന്‍എഫ്എസ്എ, എഎവൈ, പിഎച്ച്എച്ച് കാര്‍ഡുകള്‍ക്കു ഇത് ബാധകമാക്കണമെന്നാണു ആവശ്യം. കാര്‍ഡ് ഉപയോഗിക്കാത്ത കാലയളവില്‍ ദേശീയ ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള (എന്‍എഫ്എസ്എ) ഭക്ഷ്യധാന്യ അവകാശം പിന്‍വലിക്കാന്‍ പാടില്ലെന്നും കത്തില്‍ പറയുന്നു.
ആധാര്‍, ബയോമെട്രിക് പ്രാമാണീകരണം എന്നിവയ്ക്കു വിധേയമായി, ആവശ്യമുള്ളപ്പോഴെല്ലാം സംസ്ഥാന വിഭാഗത്തിനു കീഴില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും. നിശ്ചിത കാലയളവിനുള്ളില്‍ ഇ-കെവൈസി, ഫീല്‍ഡ് വെരിഫിക്കേഷന്‍ എന്നിവയിലൂടെ യോഗ്യത പുനഃപരിശോധിക്കാം. ഗുണഭോക്താവ് യോഗ്യനാണെന്നു കണ്ടെത്തിയാല്‍ എന്‍എഫ്എസ്എ പദവി പുനഃസ്ഥാപിക്കാനുമാകും. ഇതിലൂടെ യോഗ്യതയില്ലാത്ത കുടുംബങ്ങളെ ഒഴിവാക്കുന്നതിനൊപ്പം യഥാര്‍ഥ ഗുണഭോക്താക്കള്‍ അബദ്ധവശാല്‍ പുറത്താകുന്നതു തടയാം. എന്‍എഫ്എസ്എ വിഹിതം അര്‍ഹരായവര്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നും ഉറപ്പാക്കാം.കാര്‍ഡുകള്‍ റദ്ദാക്കുന്നതുവഴി ഉണ്ടാകുന്ന ഒഴിവുകളില്‍ ഉള്‍പ്പെടുത്താനായി ഫിഫോ (ഫസ്റ്റ് ഇന്‍ ഫസ്റ്റ് ഔട്ട്) മാനദണ്ഡം പാലിച്ച് യോഗ്യരായ കുടുംബങ്ങളുടെ വെയിറ്റിംഗ് ലിസ്റ്റ് നിലനിര്‍ത്താന്‍ സംസ്ഥാനത്തെ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്‍ഗണനേതര വിഭാഗത്തില്‍ ഏകദേശം 5,62,494 കാര്‍ഡുകാര്‍ ആറുമാസത്തിലധികമായി റേഷന്‍ വാങ്ങിയിട്ടില്ല. ഈ കുടുംബങ്ങള്‍ സംസ്ഥാനത്തിന്റെ ടൈഡ് ഓവര്‍ ക്രമീകരണത്തിനു കീഴില്‍ തുടരുകയാണ്. ബയോമെട്രിക് പ്രാമാണീകരണം വഴി ആവശ്യമുള്ളപ്പോഴെല്ലാം ഇവര്‍ക്കു ഭക്ഷ്യധാന്യം ലഭിക്കും.കാര്‍ഡുകള്‍ നിലനിര്‍ത്തിയാല്‍ പകര്‍ച്ചവ്യാധി വ്യാപനം, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളില്‍ റേഷന്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ബുദ്ധിമുട്ടേണ്ടിവരില്ലെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് ലോക്ഡൗണ്‍ കാലത്ത്, സമ്പന്നര്‍ക്കുപോലും ന്യായവില കടകള്‍ വഴി ഭക്ഷ്യധാന്യം ലഭ്യമാക്കി പ്രതിസന്ധിയെ മറികടക്കാന്‍ കഴിഞ്ഞുവെന്നതും ശ്രദ്ധിക്കേണ്ടതാണെന്നു കത്തില്‍ പറയുന്നു.

