ന്യൂഡല്‍ഹി: ഡെപ്യൂട്ടി ഇലക്ഷൻ കമ്മിഷണർ മനീഷ് ഗാർഗ് അധികാരം ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് രണ്ട് തെരഞ്ഞെടുപ്പു കമ്മിഷണർമാർ കാബിനറ്റ് സെക്രട്ടറിക്കു പരാതി നൽകിയതായി വിവരം. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനുള്ളിലെ ആഭ്യന്തര ഭിന്നതകൾ കൂടുതലായി പുറത്തുവരുന്നതിനിടെയാണ് ഇതും ചർച്ചയാകുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ നിന്നാണ് കമ്മിഷനിലെ പോരും കേന്ദ്രസർക്കാരിനു നൽകിയ പരാതിയും സംബന്ധിച്ച വിവരങ്ങൾ വെളിപ്പെട്ടത്.
അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെ താത്കാലിക ചുമതല ലഭിച്ച മനീഷ് ഗാർഗ്, കമ്മിഷന്റെ അനുമതിയില്ലാതെ ഉദ്യോഗസ്ഥരുടെ ചുമതലകൾ സ്വന്തം നിലയ്ക്കു മാറ്റി നിശ്ചയിച്ചതാണ് തർക്കത്തിനും പരാതിക്കും കാരണമായത്. കമ്മിഷന്റെ അനുമതി കൂടാതെ ഇത്തരത്തിൽ ചുമതലകൾ പുനർനിർണയിക്കുന്നത് 2023ലെ തെരഞ്ഞെടുപ്പു കമ്മിഷൻ നിയമത്തിന്റെ ലംഘനമാണ്. വിഷയവുമായി ബന്ധപ്പെട്ട ഔദ്യോഗിക ഫയലുകൾ ആവശ്യപ്പെട്ടിട്ടും അഡ്മിനിസ്ട്രേഷൻ വിഭാഗം അവ കൈമാറാൻ തയാറായില്ലെന്നും പരാതിയിൽ പറയുന്നു.
എന്നാൽ ഇത് ഭരണഘടനാ സ്ഥാപനത്തിന്റെ ആഭ്യന്തര കാര്യമാണെന്നും പരാതികൾ വ്യക്തിപരമാണെന്നും ചൂണ്ടിക്കാട്ടി നേരിട്ട് ഇടപെടാൻ കാബിനറ്റ് സെക്രട്ടേറിയറ്റ് വിസമ്മതിച്ചു. തുടർന്ന് വിഷയം പേഴ്സണൽ മന്ത്രാലയത്തിനും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർക്കും കൈമാറി.
വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ ഇതേ രണ്ടു കമ്മിഷണർമാർ 14 തവണ ഔദ്യോഗിക നിലപാടിനോടു വിയോജിപ്പ് രേഖപ്പെടുത്തിയതായും നേരത്തേ വിവരം പുറത്തുവന്നിരുന്നു.

