തിരുവനന്തപുരം: സ്കൂൾ അച്ചടക്കവുമായി ബന്ധപ്പെട്ട് ലഭിച്ച പലതരം പരാതികൾ പരിഗണിച്ച് ബാലാവകാശ കമ്മീഷൻ സുപ്രധാന ഉത്തരവിറക്കി. വിദ്യാർഥികളുടെ അച്ചടക്കം, മൊബൈൽ ഫോൺ ഉപയോഗം എന്നിവയിലാണ് കമ്മീഷൻ നിർദേശങ്ങൾ മുന്നോട്ടുവച്ചത്. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 60 ദിവസത്തിനകം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ലഹരിവസ്തുക്കളടക്കം ആരോഗ്യത്തിന് ഹാനികരമായ സാധനങ്ങൾ ബാഗുകളിൽ ഇല്ലെന്ന് ഉറപ്പാക്കാൻ കുട്ടികളുടെ ബാഗുകൾ പരിശോധിക്കാൻ സ്കൂളുകൾക്ക് അനുമതിയുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. എന്നാൽ വിദ്യാർഥികളുടെ അന്തസ്സിനും അഭിമാനത്തിനും കോട്ടം തട്ടാത്ത വിധത്തിലായിരിക്കണം ഇത്തരം പരിശോധനകൾ.
സ്കൂൾ സമയത്ത് കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഗുരുതരമായ അച്ചടക്കലംഘനമായി കണക്കാക്കണമെന്നാണ് കമ്മീഷന്റെ നിലപാട്. സ്കൂൾ സമയം കഴിയുന്നതുവരെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള സംവിധാനം സ്കൂൾ അധികൃതർ ഒരുക്കണമെന്നും നിർദേശിച്ചു.അച്ചടക്കത്തിന്റെ പേരിൽ കുട്ടികളെ അപമാനിക്കാനോ മാനസികമായി പീഡിപ്പിക്കാനോ ക്ലാസിൽനിന്ന് പുറത്താക്കാനോ പാടില്ല. ഹെയർ സ്റ്റൈൽ, യൂണിഫോം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കാൻ സ്കൂൾ അധികൃതർ വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകണമെന്നും കമ്മീഷൻ പറഞ്ഞു. കൂടാതെ, സ്കൂളുകളിൽ വൃത്തിയുള്ള ശൗചാലയങ്ങൾ ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിക്കണം.

