കിഫ്ബി;നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രതിരോധ ക്യാംപെയ്നുമായി സിപിഎം

കിഫ്ബി;നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രതിരോധ ക്യാംപെയ്നുമായി സിപിഎം

തിരുവനന്തപുരം: കിഫ്ബി സംസ്ഥാനത്തിന് കടുത്ത ബാധ്യതയാണെന്ന വിദഗ്ധസമിതി റിപ്പോർട്ട് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കെ, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള മറുപ്രചാരണത്തിന് പാർട്ടി തീരുമാനിച്ചു. കിഫ്ബിയെ തകർക്കാൻ ബോധപൂർവമായ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് താഴെത്തട്ടിൽ പ്രതിരോധ ക്യാംപെയ്നുമായി ഇറങ്ങാനാണ് നീക്കം. രണ്ടു ദിവസം നീളുന്ന സംസ്ഥാന സമിതി യോഗത്തിന്റെ ആദ്യ ദിവസം സംസ്ഥാന, ദേശീയ വിഷയങ്ങളാണ് ചർച്ചയ്ക്ക് വന്നത്. അതിൽ ഏറ്റവും പ്രധാനം കിഫ്ബിയെ തകർക്കാൻ യുഡിഎഫ് സർക്കാർ ബോധപൂർവം ശ്രമിക്കുന്നുവെന്ന വിമർശനമായിരുന്നു. കിഫ്ബിയുടെ നേട്ടങ്ങൾ തമസ്കരിക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും സംസ്ഥാന സമിതി വിലയിരുത്തി.

ഇതിനെതിരെ സംസ്ഥാന തലത്തിൽ വിപുലമായ ക്യാംപെയ്ൻ സംഘടിപ്പിക്കും. പ്രാദേശിക തലത്തിൽ കിഫ്ബിയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാകും പ്രചാരണം. ഓരോ നിയോജകമണ്ഡലത്തിലും കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി പ്രത്യേക ലഘുലേഖകൾ പുറത്തിറക്കും. രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ മണ്ഡലങ്ങളിലും വികസനം എത്തിച്ചത് കിഫ്ബിയാണെന്നും, ഇത് ഇല്ലാതാക്കിയാൽ വികസനത്തിന് ഫണ്ട് കണ്ടെത്താൻ ബദലെന്താണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും സിപിഎം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ക്യാംപെയ്നിന്റെ അന്തിമ രൂപം വെള്ളിയാഴ്ചയോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

എന്നാൽ കിഫ്ബിയുടെ പരിധിവിട്ട കടമെടുപ്പിനെ എതിർത്തത് മുൻ ധനമന്ത്രി മാത്രമല്ലെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നു. അന്നത്തെ ധനവകുപ്പ് സെക്രട്ടറിയും ആശങ്കയും വിയോജിപ്പും രേഖപ്പെടുത്തിയിരുന്നു. ധനവകുപ്പിനെ ഇരുട്ടിൽ നിർത്തിയാണ് കിഫ്ബി മുന്നോട്ടുപോയതെന്ന വിദഗ്ധ സമിതിയുടെ കണ്ടെത്തലുകൾക്ക് അടിവരയിടുന്ന തെളിവുകളാണ് ഒന്നിനു പിറകെ ഒന്നായി പുറത്തുവരുന്നത്.

കിഫ്ബിയുടെ കടമെടുപ്പുകൾ കേന്ദ്രം സംസ്ഥാനത്തിന്റെ പൊതുകടമെടുപ്പിൽ വരവുവെക്കുകയും, സംസ്ഥാനത്തിന് ലഭിക്കുന്നതിനേക്കാൾ ഉയർന്ന പലിശയ്ക്ക് കിഫ്ബി വായ്പയെടുത്ത് ധനസ്ഥിതിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്ത ഘട്ടത്തിലാണ് ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന രബീന്ദ്ര കുമാർ അഗർവാൾ വിയോജനക്കുറിപ്പ് എഴുതിയത്. കുറഞ്ഞ പലിശയിൽ, നിബന്ധനകളില്ലാതെ ലഭിക്കുന്ന സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കിഫ്ബിയുടെ പേരിൽ വെട്ടിക്കുറയ്ക്കാൻ അനുവദിക്കുന്നത് ഒരിക്കലും ഉചിതമല്ലെന്നാണ് കുറിപ്പിലുള്ളത്.

സംസ്ഥാനത്തിന് ലഭ്യമായ വായ്പാ പരിധി പൂർണമായും തീർന്നതും ജി.എസ്.ടി നഷ്ടപരിഹാരം നിർത്തലാക്കിയതും പതിനഞ്ചാം ധനകമീഷന് കീഴിലുള്ള റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ഗണ്യമായി കുറഞ്ഞതും കണക്കിലെടുക്കുമ്പോൾ, ചെലവുകൾ ഒഴിവാക്കുകയും വെട്ടിക്കുറയ്ക്കുകയും ചെയ്യാതെ വരുംമാസങ്ങളിൽ മുന്നോട്ടുപോകുന്നത് അത്യന്തം പ്രയാസകരമാകുമെന്ന് ധനസെക്രട്ടറി കുറിപ്പിൽ വ്യക്തമാക്കി. കിഫ്ബിയുടെ അധിക കടമെടുപ്പ് അവസാന പാദത്തിലും അടുത്ത സാമ്പത്തിക വർഷത്തിലും സാഹചര്യം കൂടുതൽ വഷളാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് അന്നത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാലും വിയോജിപ്പ് അറിയിച്ചത്.

സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറയ്ക്കാൻ കിഫ്ബിയുടെ വായ്പകൾ ഇടയാക്കുമെന്നതിനാൽ 2023-24, 2024-25, 2025-26 വർഷങ്ങളിൽ കിഫ്ബിക്ക് പുതിയ വായ്പാ ഗ്യാരന്റികൾ നൽകാൻ ധനവകുപ്പ് വിസമ്മതിച്ചിരുന്നു. എന്നാൽ ഈ എതിർപ്പുകളും ആശങ്കകളും മറികടന്ന്, മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിൽ കടമെടുപ്പ് തുടരാൻ തീരുമാനിച്ചു. ആ യോഗത്തിന്റെ മിനിറ്റ്സ് മാത്രം അടിസ്ഥാനമാക്കിയാണ് ധനവകുപ്പിന്റെ തീരുമാനം അട്ടിമറിക്കപ്പെട്ടത്. ചട്ടപ്രകാരം ധനവകുപ്പും ധനമന്ത്രിയും വിയോജിച്ച ഒരു സാമ്പത്തിക വിഷയത്തിൽ ധനവകുപ്പിന്റെ തീരുമാനം മറികടക്കാൻ അധികാരമുള്ളത് മന്ത്രിസഭയ്ക്ക് മാത്രമാണ്. ഇതൊന്നും പാലിക്കപ്പെട്ടില്ലെന്നാണ് സുധാപിള്ള അധ്യക്ഷയായ സമിതിയുടെ കണ്ടെത്തൽ.

അതിനിടെ, 2016 മുതൽ 2026 വരെയുള്ള കാലയളവിൽ പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കുമായി ഏകദേശം 475 കോടി രൂപ ചെലവഴിച്ചതായാണ് കണക്ക്. ഇതിൽ 216 കോടി രൂപയും എൽ.ഡി.എഫ് സർക്കാരിന്റെ വാർഷികാഘോഷമായ ‘എന്റെ കേരളം’ പരിപാടിക്കായി മൂന്നു വർഷം കൊണ്ടാണ് ചെലവിട്ടത്. പട്ടികജാതി/പട്ടികവർഗ (SC/ST) വികസന പദ്ധതികൾക്കായി കിഫ്ബി വകയിരുത്തിയ തുകയുടെ ഇരട്ടിയിലധികമാണിത്. 2022-23ൽ 52.03 കോടിയും 2023-24ൽ 67.45 കോടിയും 2025-26ൽ 96.44 കോടി രൂപയും ‘എന്റെ കേരളം’ മേളയ്ക്കായി മാറ്റിവെച്ചു. ‘കേരളീയം’ ഉത്സവത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കായി 12.95 കോടി രൂപയും ചെലവിട്ടു. ആദ്യ വർഷങ്ങളിൽ പ്രതിവർഷം 2 കോടി രൂപയിൽ താഴെയായിരുന്ന പ്രചാരണച്ചെലവ് തെരഞ്ഞെടുപ്പ് വർഷങ്ങളിലാണ് കുത്തനെ ഉയർന്നതെന്നും ഓഡിറ്റ് ചൂണ്ടിക്കാണിക്കുന്നു.