ഇടുക്കി പീരുമേട്ടില്‍ ഇരട്ടക്കൊലപാതകം:പ്രതി പോലീസ് പിടിയില്‍

ഇടുക്കി പീരുമേട്ടില്‍ ഇരട്ടക്കൊലപാതകം:പ്രതി പോലീസ് പിടിയില്‍

ഇടുക്കിയിൽ കുടുംബകലഹത്തെത്തുടർന്ന് യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി. ഗ്ലെൻമേരി സ്വദേശിയായ പ്രിൻസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രിൻസിന്റെ ഭാര്യ പ്രിയങ്ക (30), ഭാര്യയുടെ അമ്മ നേസം (62) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രിയങ്കയുടെ പിതാവ് ഇസ്രയേലിനും വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം ഏഴരയോടെ ഗ്ലെൻമേരി തോട്ടം ലയത്തിലായിരുന്നു സംഭവം.മദ്യപിച്ചെത്തിയ പ്രിൻസ് ആദ്യം ഭാര്യാമാതാവുമായി വഴക്കിട്ടു. തുടർന്ന് അവരെ വെട്ടിപ്പരിക്കേൽപ്പിച്ചു.

ഇതിനു പിന്നാലെ ഇയാൾ വീടിനു പുറത്തിറങ്ങിയപ്പോൾ, ജോലി കഴിഞ്ഞ് വീട്ടിലേക്കു വരികയായിരുന്ന പ്രിയങ്കയെ കണ്ടു. വഴിയിൽവച്ച് പ്രിയങ്കയെയും ഇയാൾ വെട്ടി. ഗുരുതരമായി പരുക്കേറ്റ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.ഉച്ചത്തിലുള്ള കരച്ചിലും ബഹളവും കേട്ട് അയൽവാസികൾ എത്തിയപ്പോഴാണ് ദാരുണസംഭവം പുറംലോകം അറിഞ്ഞത്. വിവരമറിഞ്ഞെത്തിയ പൊലീസ് പരിസരത്തുനിന്നുതന്നെ പ്രിൻസിനെ കസ്റ്റഡിയിലെടുത്തു.

വിദേശത്ത് ജോലി ചെയ്തിരുന്ന പ്രിയങ്ക ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. കുടുംബപ്രശ്നങ്ങൾ ഏറെനാളായി ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. മദ്യലഹരിയിൽ പ്രിൻസ് നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.മൃതദേഹങ്ങൾ പീരുമേട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പീരുമേട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.