പത്താം ക്ലാസ് പരീക്ഷയില്‍ ഉത്തരം ശരിയായാലും സെഷന്‍ തെറ്റിയാല്‍ മാര്‍ക്കില്ല; മൂല്യനിര്‍ണയം കടുപ്പിച്ച് സിബിഎസ്‌ഇ

പത്താം ക്ലാസ് പരീക്ഷയില്‍ ഉത്തരം ശരിയായാലും സെഷന്‍ തെറ്റിയാല്‍ മാര്‍ക്കില്ല; മൂല്യനിര്‍ണയം കടുപ്പിച്ച് സിബിഎസ്‌ഇ

ന്യൂഡല്‍ഹി: പത്താം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്‍ (സിബിഎസ്‌ഇ) കൂടുതല്‍ കര്‍ശനമാക്കി. ചോദ്യപേപ്പറിലെ നിശ്ചിത വിഷയ വിഭാഗങ്ങളില്‍ (സെഷനുകള്‍) കൃത്യമായി അടയാളപ്പെടുത്തി ഉത്തരമെഴുതിയില്ലെങ്കില്‍, ഉത്തരം ശരിയാണെങ്കിലും പൂജ്യം മാര്‍ക്കാകും ലഭിക്കുകയെന്നാണ് ബോര്‍ഡിന്റെ മുന്നറിയിപ്പ്.

ഡിജിറ്റല്‍ മൂല്യനിര്‍ണയ രീതിയായ ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരം. ഈ രീതിയില്‍ ഉത്തരക്കടലാസുകള്‍ ആദ്യം സ്‌കാന്‍ ചെയ്ത് ഡിജിറ്റല്‍ രൂപത്തിലാക്കും. തുടര്‍ന്ന് ഓരോ വിഷയത്തിന്റെയും പേജുകള്‍ വേര്‍തിരിച്ച് അതത് വിഷയങ്ങളിലെ എക്‌സാമിനര്‍മാര്‍ക്ക് ഓണ്‍ലൈനായി പരിശോധനയ്ക്ക് അയച്ചുകൊടുക്കും.

അതുകൊണ്ടുതന്നെ വിഷയം കൃത്യമായി അടയാളപ്പെടുത്താതിരുന്നാല്‍ പ്രശ്‌നമാകും. ഉദാഹരണത്തിന്, ഫിസിക്‌സിലെ ഉത്തരങ്ങള്‍ തെറ്റി കെമിസ്ട്രി സെഷനിലാണ് അടയാളപ്പെടുത്തുന്നതെങ്കില്‍ അവ മൂല്യനിര്‍ണയം നടത്തേണ്ട ഫിസിക്‌സ് അധ്യാപകന്റെ അടുത്ത് എത്തില്ല.സയന്‍സ് ചോദ്യപേപ്പറില്‍ ബയോളജി, കെമിസ്ട്രി, ഫിസിക്‌സ് എന്നിങ്ങനെയാണ് സെഷനുകള്‍ തിരിച്ചിരിക്കുന്നത്. സോഷ്യല്‍ സയന്‍സില്‍ ഇത് ഹിസ്റ്ററി, ജ്യോഗ്രഫി, പോളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് എന്നിങ്ങനെയാണ്.

പരീക്ഷാസമ്മര്‍ദം പോലുള്ള കാരണങ്ങളാല്‍ വിദ്യാര്‍ഥികള്‍ക്ക് സെഷനുകള്‍ തെറ്റിപ്പോകുന്നത് പതിവാണ്. ആദ്യത്തെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഉത്തരക്കടലാസിന്റെ അവസാന പേജുകളില്‍ എഴുതുന്നതും പുതിയ രീതിയില്‍ മാര്‍ക്ക് നഷ്ടപ്പെടാന്‍ കാരണമാകും.മാര്‍ക്കിംഗ് ഡിജിറ്റലായതിനാല്‍ റീവാല്യുവേഷനിലോ വെരിഫിക്കേഷനിലോ ഇങ്ങനെ നഷ്ടപ്പെടുന്ന മാര്‍ക്ക് തിരികെ ലഭിക്കണമെന്നില്ല. ഇതേത്തുടര്‍ന്ന് പല സ്‌കൂളുകളും വിദ്യാര്‍ഥികള്‍ക്ക് ഇക്കാര്യത്തില്‍ തീവ്രമായ പരിശീലനവും ബോധവത്കരണവും നല്‍കിത്തുടങ്ങിയിട്ടുണ്ട്.