പൗരാവകാശ പ്രവർത്തകരുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

പൗരാവകാശ പ്രവർത്തകരുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

ജന്തർ മന്തറിലെ പ്രതിഷേധത്തെ തുടർന്ന് ഏഴുദിവസം ജയിലിൽ കഴിഞ്ഞ സിജെപി നേതാക്കൾ അശുതോഷ് റങ്കെയും സൗരവ് ദാസും കഴിഞ്ഞ ദിവസം രാത്രിയാണ് മോചിതരായത്. കർശന ഉപാധികളോടെയാണ് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇവർക്ക് ജാമ്യം അനുവദിച്ചത്. പ്രതിഷേധ വിലക്കുള്ള ജന്തർ മന്തറിൽ ഇനി സമരം നടത്തില്ലെന്ന് നേതാക്കൾ അറിയിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു. പ്രതിഷേധത്തിന് ആഹ്വാനം ചെയ്യില്ലെന്നും സമാധാന അന്തരീക്ഷം തകർക്കില്ലെന്നും ഇരുവരും ഉറപ്പുനൽകി.

എന്നാൽ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ ദില്ലി പൊലീസ് ക്രൈംബ്രാഞ്ചിന്‍റെ ചോദ്യം ചെയ്യൽ നോട്ടീസ് ഇവരെ തേടിയെത്തി. ഇന്നലെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകണമെന്നായിരുന്നു നിർദേശം. പക്ഷേ ഹാജരാകാനാകില്ലെന്ന് സൗരവ് ദാസ് ഉൾപ്പെടെയുള്ള നേതാക്കൾ പൊലീസിനെ അറിയിച്ചു. ഇതോടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇവർക്ക് വീണ്ടും നോട്ടീസ് നൽകാനുള്ള ഒരുക്കത്തിലാണ് ദില്ലി പൊലീസ്.

ഇതിനിടെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന ആവശ്യവുമായി പൗരാവകാശ പ്രവർത്തകർ ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിനിറങ്ങും. പീപ്പിള്‍ എഗന്‍സ്റ്റ് എസ് ഐ ആര്‍ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ദില്ലിയടക്കം രാജ്യത്തെ വിവിധയിടങ്ങളിൽ മാർച്ച് സംഘടിപ്പിക്കും. പീസ് ബോണ്ടിനെ ചോദ്യം ചെയ്ത് നേഹാ ബോറ നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും.