സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്‌എംഎ) ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്ക് ഇന്ത്യന്‍ കമ്പനി നിര്‍മിക്കുന്ന മരുന്നുമായി തന്നെ സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ വ്യക്തമാക്കി. ഇന്ത്യന്‍ കമ്പനിയെ ആശ്രയിച്ചതോടെ മരുന്നിന്റെ വില ആറ് ലക്ഷം രൂപയില്‍ നിന്ന് പതിനയ്യായിരം രൂപയായി കുറഞ്ഞെന്നും, ഗുണനിലവാരത്തെക്കുറിച്ച് ഒരു ആശങ്കയുടെയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതേ നിലപാട് ആരോഗ്യമന്ത്രി കെ. മുരളീധരനും നേരത്തേ ആവര്‍ത്തിച്ചിരുന്നു. സുപ്രിംകോടതി പോലും അംഗീകരിച്ചതാണ് ഇന്ത്യന്‍ നിര്‍മിത മരുന്നെന്നും വിദേശ മരുന്ന് വാങ്ങില്ലെന്നും മന്ത്രി പറഞ്ഞു. ചില ചാനലുകളില്‍ വന്ന വാര്‍ത്തയാണ് ആശങ്കയ്ക്ക് ഇടയാക്കിയതെന്നും, ആ വാര്‍ത്തയ്ക്ക് പിന്നില്‍ ചിലപ്പോള്‍ വിദേശ മരുന്ന് കമ്പനികളായിരിക്കാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നലെ തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം.
സര്‍ക്കാറിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയ മുന്‍ ആരോഗ്യ മന്ത്രിമാര്‍ക്കെതിരെയും അദ്ദേഹം രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് വേണ്ടാത്ത വനിതകളാണ് ഇന്നലെ ഒരുമിച്ച് വന്നിരുന്നതെന്നായിരുന്നു പരിഹാസം. അവരില്‍ ഒരാളുടെ കാലത്താണ് അണുബാധയുണ്ടായി കുട്ടികള്‍ മരിച്ചതെന്നും, മറ്റൊരാളുടെ കാലത്താണ് നിപ്പ ബാധിച്ച് മനുഷ്യര്‍ മരിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മൂന്നാമത്തെ മന്ത്രി കിട്ടാത്ത അടി കിട്ടിയെന്ന് നുണ പറഞ്ഞ ആളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

