പിഎസ്‌സി പരീക്ഷാ ക്രമക്കേട് അന്വേഷണത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ കൂടി പ്രതികളാക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു

പിഎസ്‌സി പരീക്ഷാ ക്രമക്കേട് അന്വേഷണത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ കൂടി പ്രതികളാക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു

പിഎസ്‌സി പരീക്ഷാ ക്രമക്കേട് അന്വേഷണത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ കൂടി പ്രതികളാക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. ചോദ്യം ചെയ്യലിനായി രണ്ട് പിഎസ്‌സി അംഗങ്ങള്‍ക്ക് ഒരിക്കല്‍ക്കൂടി നോട്ടീസ് അയക്കാനും തീരുമാനിച്ചിട്ടുണ്ട്.

ക്രൈംബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്ത് പിഎസ്‌സി സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു. ആസൂത്രണ ബോര്‍ഡ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഹര്‍ജിക്ക് ആധാരം. ഈ വേളയില്‍ സര്‍ക്കാരിന് കോടതിയുടെ കടുത്ത വിമര്‍ശനം ഏല്‍ക്കേണ്ടിവന്നു. പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എങ്ങനെയാണ് അന്വേഷണം മുന്നോട്ടു പോകുന്നതെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. പിഎസ്‌സിയും സര്‍ക്കാരും തമ്മില്‍ ഭായ് ഭായ് മട്ടില്‍ പെരുമാറിയാല്‍ ജനങ്ങളില്‍ സംശയം ഉണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

അന്വേഷണവുമായി പിഎസ്‌സി സഹകരിക്കുന്നില്ലെന്ന ആരോപണം സര്‍ക്കാര്‍ ആവര്‍ത്തിച്ചു. എന്നാല്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതെന്നായിരുന്നു പിഎസ്‌സിയുടെ വാദം. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷം കേസ് മാറ്റിവച്ചു. 27ന് ഹര്‍ജി വീണ്ടും പരിഗണിക്കും.ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കണമെന്ന പിഎസ്‌സിയുടെ ഹര്‍ജിയില്‍, പിഎസ്‌സിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്ന ഉദ്യോഗാര്‍ത്ഥിയെ കക്ഷി ചേര്‍ത്തിട്ടുണ്ട്.