മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന ആവശ്യവുമായി ഇന്ത്യ സഖ്യം ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇതിനു മുമ്പ് ഹർജി പരിഗണിച്ചപ്പോൾ കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു.
ഗ്യാനേഷ് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. എസ്ഐആറുമായി ബന്ധപ്പെട്ട് 2025 ജൂണിലും ഒക്ടോബറിലും 2026 മേയിലും പുറപ്പെടുവിച്ച ഉത്തരവുകൾ കമ്മീഷൻ ഏകകണ്ഠമായി കൈക്കൊണ്ട തീരുമാനങ്ങളാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ഹർജിയിലെ ആരോപണങ്ങൾ ഒരു വാർത്താ റിപ്പോർട്ടിനെ മാത്രം ആശ്രയിച്ചുള്ളതാണെന്നും കമ്മീഷൻ വാദിച്ചു.
സത്യവാങ്മൂലത്തിന് വിശദമായ മറുപടി നൽകുമെന്ന് ഇന്ത്യ സഖ്യ നേതാക്കൾ അറിയിച്ചു. കമ്മീഷൻ കൈക്കൊണ്ട തീരുമാനങ്ങളെയാണ് രണ്ട് കമ്മീഷണർമാർ ചോദ്യം ചെയ്തതെന്ന് അവർ ചൂണ്ടിക്കാട്ടി. ആദ്യഘട്ടത്തിൽ ഈ രണ്ട് കമ്മീഷണർമാരെ അറിയിക്കാതെ തീരുമാനമെടുത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കേണ്ടതുണ്ടെന്നും, ഇക്കാര്യം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടില്ലെന്നും നേതാക്കൾ ആരോപിച്ചു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിപിഐ ഇന്ന് മനുഷ്യച്ചങ്ങല തീർക്കും. തുടർസമരങ്ങളുടെ ഭാഗമായി വ്യാഴാഴ്ച പ്രതീകാത്മക വിചാരണ നടത്തുമെന്നും നവംബർ ഒന്നിന് ‘വോട്ട് ബച്ചാവോ ദേശ് ബച്ചാവോ’ മഹാറാലി സംഘടിപ്പിക്കുമെന്നും ഇന്ത്യ സഖ്യം നേരത്തേ വ്യക്തമാക്കിയിരുന്നു.
ശിവസേന നേതാവ് സഞ്ജയ് റൗത്തിന്റെ നിലപാടും സുപ്രീംകോടതി ഇന്ന് തേടും.
അതിനിടെ, പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ പോർട്ടലിൽ മാറ്റം വരുത്തണമെന്ന് ട്രൈബ്യൂണൽ ജഡ്ജിമാർ നിർദേശിച്ചു. ആധാർ ആധികാരികത പരിശോധിക്കുന്നതിനുള്ള സംവിധാനം അന്തിമ തീരുമാനങ്ങളെ ബാധിക്കുന്നുണ്ടെന്നും ജഡ്ജിമാർ ചൂണ്ടിക്കാട്ടി.

