ദേശീയപാത ദൂരപരിധി: സുപ്രീംകോടതി ഉത്തരവിനെതിരേ വ്യാപാരി വ്യവസായി ഏകോപനസമിതി സുപ്രീംകോടതിയില്‍

ദേശീയപാത ദൂരപരിധി: സുപ്രീംകോടതി ഉത്തരവിനെതിരേ വ്യാപാരി വ്യവസായി ഏകോപനസമിതി സുപ്രീംകോടതിയില്‍

ദേശീയപാതയോരത്തെ നിർമാണങ്ങള്‍ക്ക് ദൂരപരിധി നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവിനെതിരേ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സുപ്രീംകോടതിയെ സമീപിച്ചു. ദേശീയപാതയുടെ മധ്യഭാഗത്തുനിന്ന് വീടുകള്‍ക്ക് 40 മീറ്ററും വാണിജ്യസ്ഥാപനങ്ങള്‍ക്ക് 75 മീറ്ററുമാണ് ഇടക്കാല ഉത്തരവില്‍ ദൂരപരിധി നിശ്ചയിച്ചിരിക്കുന്നത്.

സംഘടനയുടെ പ്രസിഡന്റ് രാജു അപ്സര, അഡ്വ. ലക്ഷ്മിശ്രീ പുത്തൻപുരയ്ക്കല്‍ മുഖേനയാണ് ഹർജി സമർപ്പിച്ചത്. കേരളത്തിലെ സാഹചര്യം മറ്റു സംസ്ഥാനങ്ങളിലേതില്‍നിന്നു വ്യത്യസ്തമാണെന്ന് ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. മറ്റിടങ്ങളില്‍ ദേശീയപാതയുടെ വീതി 60 മീറ്ററാണെങ്കില്‍, ഭൂമി ലഭ്യമല്ലാത്തതിനാല്‍ കേരളത്തില്‍ അത് 45 മീറ്ററാണെന്നും ഹർജിയില്‍ പറയുന്നു.

ഉത്തരവ് നടപ്പാക്കിയാല്‍ സംസ്ഥാനത്ത് 2500 ഹെക്ടർ ഭൂമിയിലെ വ്യാപാരസ്ഥാപനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും സംഘടന വ്യക്തമാക്കി. ലക്ഷക്കണക്കിനു വ്യാപാരികളുടെയും വ്യവസായികളുടെയും ജീവനക്കാരുടെയും ഉപജീവനമാർഗം ഇല്ലാതാകുന്ന സ്ഥിതിയുണ്ടാകുമെന്നും ഹർജിയില്‍ മുന്നറിയിപ്പുണ്ട്.

ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കേരളത്തിനായി പ്രത്യേക ചട്ടക്കൂട് നടപ്പാക്കണമെന്നാണ് ആവശ്യം. കേസില്‍ തങ്ങളെ കക്ഷിചേർക്കണമെന്നും തങ്ങളുടെ വാദം കേള്‍ക്കണമെന്നും സമിതി ഹർജിയില്‍ അഭ്യർഥിച്ചിട്ടുണ്ട്.

2025 നവംബറില്‍ രാജസ്ഥാനിലെ ഫലോഡിയിലും തെലുങ്കാനയിലെ രംഗറെഡ്ഡിയിലും നടന്ന വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് ദൂരപരിധി നിശ്ചയിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവുണ്ടായത്.