തേനിയില്‍ ജയില്‍ ജീവനക്കാരനെ ആക്രമിച്ചശേഷം 17 വിചാരണ തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ടു;ഒരാൾ പിടിയിൽ

തേനിയില്‍ ജയില്‍ ജീവനക്കാരനെ ആക്രമിച്ചശേഷം 17 വിചാരണ തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ടു;ഒരാൾ പിടിയിൽ

ചെന്നൈ: തേനിയില്‍ ജയില്‍ ജീവനക്കാരനെ ആക്രമിച്ചശേഷം 17 വിചാരണ തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ടു. ആണ്ടിപ്പെട്ടിക്ക് സമീപം തെക്കംപാട്ടയിലുള്ള ജില്ലാ ജയിലില്‍ നിന്നാണ് ക്രിമിനല്‍ കേസ് പ്രതികള്‍ രക്ഷപ്പെട്ടത്. ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലിസുകാരനെ ആക്രമിച്ചശേഷമാണ് സംഘം ജയില്‍ ചാടിയത്.

പ്രതികള്‍ പാലക്കാട്, ഇടുക്കി അതിർത്തികള്‍ വഴി കേരളത്തിലേക്ക് പ്രവേശിക്കാൻ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇവരെ പിടികൂടുന്നതിനായി തമിഴ്നാട് പൊലിസ് അതിർത്തി കേന്ദ്രീകരിച്ച്‌ തെരച്ചില്‍ ശക്തമാക്കി.

ഒരു പ്രതി പിടിയിലായതായി സൗത്ത് സോൺ ഐജി വിജയേന്ദ്ര ബിദാരി സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് വാഹന പരിശോധന ഊർജിതമാക്കി. മുൻകരുതൽ നടപടിയുടെ ഭാഗമായി അയൽ ജില്ലയായ ദിണ്ടിഗലിൽ 16 കേന്ദ്രങ്ങളിൽ പൊലീസ് ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചതായി ദിണ്ടിഗൽ എസ്പിഎസ് ജയകുമാർ സ്ഥിരീകരിച്ചു.

പൊലീസിന്റെ വിവരമനുസരിച്ച് 17 പ്രതികളെയും ഒരേ സെല്ലിലാണ് പാർപ്പിച്ചിരുന്നത്. സെല്ലിലുണ്ടായിരുന്ന ഒരു തടവുകാരന് സുഖമില്ലെന്ന വിവരമറിഞ്ഞ് അകത്തുകയറിയ ജയിൽ ജീവനക്കാരെ സംഘം ചേർന്ന് ആക്രമിച്ച ശേഷമാണ് ഇവർ രക്ഷപ്പെട്ടോടിയത്. ആക്രമണത്തിൽ തേനി ജില്ലാ ജയിലിലെ ഗ്രേഡ്-2 പൊലീസ് ഉദ്യോഗസ്ഥനായ തങ്കപാണ്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് ജയിൽ ജീവനക്കാർക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്.

സമീപ ജില്ലകളിലെ പൊലീസിന് ജാഗ്രതാ നിർദേശം നൽകി. ഇടുക്കി, മധുര, ദിണ്ടിഗൽ ജില്ലകളിലെ അധികൃതർക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. രക്ഷപ്പെട്ട തടവുകാരുടെ ചിത്രങ്ങൾ പൊലീസുകാർക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്