സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ 6,486 കോടി രൂപയുടെ വർധനവുണ്ടായതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. മുൻ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് പതിനാറര ശതമാനത്തിലധികമാണ് ഈ വളർച്ച.
നികുതി നിരക്കുകൾ കൂട്ടാതെ തന്നെ സർക്കാരിന്റെ വരുമാനം ഉയർത്താൻ കഴിയുമെന്നാണ് കഴിഞ്ഞ അഞ്ച് മാസത്തെ സാമ്പത്തിക വളർച്ച തെളിയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തനത് വരുമാനത്തിനൊപ്പം മൂലധന ചെലവിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ വർധനവുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
നോൺ-ടാക്സ് വരുമാനം 19 ശതമാനം ഉയർന്നു. ജിഎസ്ടി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനവും ഇക്കാലയളവിൽ നേടാനായി. മൂലധന നിക്ഷേപത്തിലാകട്ടെ, കഴിഞ്ഞ വർഷത്തെക്കാൾ 57 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓണക്കാലത്ത് വിപണിയിൽ ആവശ്യത്തിന് പണമെത്തിക്കാൻ കഴിഞ്ഞത് സമ്പദ്വ്യവസ്ഥയ്ക്ക് ഉണർവേകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ നേട്ടങ്ങളിൽ മാത്രം സർക്കാർ പൂർണമായി തൃപ്തരല്ലെന്നും, ഇതിലും വലിയ നേട്ടങ്ങളാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

