ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരൻ്റെ അച്ഛനും അഡീഷണൽ ജഡ്ജിയുമായ വ്യക്തിയുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധന അവസാനിച്ചു. ഇന്നലെ രാത്രി തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെ നാല് മണി വരെ, അതായത് ഏഴ് മണിക്കൂറോളം, നീണ്ടു. ഇതിനിടെ ഒരു ആഡംബര ബൈക്കും ഡിജിറ്റൽ തെളിവുകളും പൊലീസ് പിടിച്ചെടുത്തു.
ജഡ്ജിക്കെതിരെ കൂടുതൽ നടപടികൾ വേണമെന്നും 17കാരൻ്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ജയബാലകൃഷ്ണൻ്റെ കുടുംബം ഇന്ന് കോടതിയെ സമീപിക്കും.
പൊലീസിനെതിരെ ശക്തമായ വിമർശനം ഉയർന്നതിനെത്തുടർന്നാണ് ചേരാനല്ലൂർ പൊലീസ് 17കാരൻ്റെ പിതാവായ അഡീഷണൽ ജഡ്ജിയെ കേസിൽ പ്രതിചേർത്തത്. പ്രായപൂർത്തിയാകാത്തയാൾ അപകടമുണ്ടാക്കിയാൽ വാഹന ഉടമയെയോ രക്ഷിതാവിനെയോ ഉത്തരവാദിയാക്കുന്ന മോട്ടോർ വെഹിക്കിൾ ആക്ട് 199A വകുപ്പാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
അപകടമുണ്ടാക്കിയ വിദ്യാർത്ഥി സ്ഥിരമായി കാറോടിക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു. അതിവേഗത്തിൽ കാർ ഓടിക്കുന്നതിൻ്റെ റീൽ ചിത്രീകരിക്കാനാണ് രാത്രി വൈകി വാഹനവുമായി പുറത്തിറങ്ങിയതെന്നും പൊലീസ് വ്യക്തമാക്കി. അപകടത്തിന് തൊട്ടുമുമ്പ് 17കാരൻ മണിക്കൂറിൽ 104 കിലോമീറ്റർ വേഗത്തിൽ വാഹനം ഓടിക്കുന്ന ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചെയായിരുന്നു ദുരന്തം. ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിക്കുകയായിരുന്നു.

