ന്യൂഡല്‍ഹി: ആശുപത്രികളുടെ നിലനില്‍പ്പ് ചൂണ്ടിക്കാട്ടി രോഗികളില്‍നിന്ന് മരുന്നുകള്‍ക്കും മറ്റു മെഡിക്കല്‍ സേവനങ്ങള്‍ക്കും അമിതവില ഈടാക്കുന്നതിനെ ന്യായീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. രാജ്യത്തെ മരുന്നുവില നിയന്ത്രണവുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു കേന്ദ്രസർക്കാരിനെയും സ്വകാര്യ ആശുപത്രികളെയും കോടതി രൂക്ഷമായി വിമർശിച്ചത്.
കണ്മുന്നില് നടക്കുന്ന ഇത്തരം കൊള്ളയ്ക്ക് അനുമതി നല്‍കുന്നത് സർക്കാരാണെന്നും ഇതു തുടരാൻ അനുവദിക്കാനാകുമോയെന്നും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
അർബുദ ചികിത്സയ്ക്കുള്ള കീമോതെറാപ്പി കുത്തിവയ്പ് മരുന്നിന് 11,000 രൂപയാണ് വില. എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ ഇതിന് 1,30,000 രൂപയാണ് ബില്‍ ചെയ്യുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. 15 രൂപ വിലയുള്ള ഡ്രിപ്പ് ലൈനുകള്‍ക്ക് 250 രൂപയും ഈടാക്കുന്നു. ഇത്തരം രീതിയെ “കൊള്ള” എന്നും “പകല്‍ക്കൊള്ള” എന്നും കോടതി വിശേഷിപ്പിച്ചു.
രോഗികളുടെ ജീവൻ വച്ചുള്ള ഇത്തരം മുതലാളിത്ത ചിന്തകള്‍ അംഗീകരിക്കാനാകില്ലെന്നും ബെഞ്ച് പറഞ്ഞു. വിപണിയിലെ ഏകദേശം 90 ശതമാനം മരുന്നുകളും ഡ്രഗ് പ്രൈസ് കണ്ട്രോള് ഓർഡറിന്റെ (ഡിപിസിഒ) പരിധിക്കു പുറത്താണെന്നും കോടതി കുറ്റപ്പെടുത്തി.
അർബുദ മരുന്നുകളുടെ വ്യാപാര ലാഭപരിധി 30 ശതമാനമായി നിജപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തില്‍ തങ്ങളെ തൃപ്തരാക്കുന്ന ഒന്നുമില്ലെന്ന് കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു. മറ്റു മരുന്നുകളുടെ കാര്യത്തിലും ഇത്തരമൊരു തീരുമാനം എന്തുകൊണ്ട് എടുത്തുകൂടാ എന്നും കോടതി ആരാഞ്ഞിരുന്നു. മരുന്നുനിർമാതാക്കളെ സഹായിക്കുന്ന വിധത്തിലാണ് സംവിധാനങ്ങള്‍ മുഴുവൻ പ്രവർത്തിക്കുന്നതെന്തുകൊണ്ടെന്നും കേന്ദ്രസർക്കാരിനോടു ചോദിച്ചു. എൻപിപിഎ പൂർണമായും പ്രവർത്തനരഹിതമായ സംവിധാനമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ മരുന്നുവില താരതമ്യേന കുറവാണെന്നും വിലനയങ്ങള് സർക്കാർ നിരന്തരം ക്രമീകരിച്ചുകൊണ്ടിരിക്കുകയാണെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ഈ അവകാശവാദങ്ങള്‍ തള്ളിയ കോടതി, കേസില്‍ വിധി പറയുന്നത് മാറ്റിവച്ചു.

