കോവളത്ത് സ്പായിൽ 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒരു ഇടപാടുകാരൻ കൂടി പൊലീസ് പിടിയിലായി. തിരുനെൽവേലി സ്വദേശി വീരപാണ്ഡ്യനെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്തത്. സ്വന്തം നാട്ടിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടിയത്.
അന്വേഷണത്തിൽ, ഇയാൾ പെൺകുട്ടിയെ അഞ്ചു തവണ പീഡിപ്പിച്ചതായി കണ്ടെത്തി. മൂന്ന് തവണ സജിത്തിന്റെ ഉടമസ്ഥതയിലുള്ള സ്പായിലും, പിന്നീട് കോവളത്തുതന്നെയുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലിലുമായിരുന്നു പീഡനം. രാത്രികാലങ്ങളിലാണ് കുട്ടിയെ ഹോട്ടലിലേക്ക് കൊണ്ടുപോയിരുന്നത്. ഇതിനായി സജിത്തിന് മുപ്പതിനായിരം രൂപ നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഹോട്ടൽ ഉടമയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കൂടുതൽ ഇടപാടുകാരിലേക്കും അന്വേഷണം നീങ്ങുകയാണ്. ഇതുവരെ 14 പേരാണ് അറസ്റ്റിലായത്. ഇവരിൽ ആറ് പേർ ഇടപാടുകാരാണ്. മറ്റുള്ളവർ സ്പാ ഉടമകൾ, ഇവരുടെ ബിനാമികൾ, പെൺകുട്ടിയെ ആന്ധ്രയിൽ നിന്ന് കേരളത്തിലെത്തിച്ച ഇളയമ്മ, ഇടനിലക്കാരി എന്നിവരാണ്.







