സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ലോക്സഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം ഉയർത്താനാണ് മണ്ഡല പുനർനിർണയ ബില്ലിലെ വ്യവസ്ഥ എന്ന് പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നു. ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച സെൻസസ് അടിസ്ഥാനമാക്കിയായിരിക്കും മണ്ഡല പുനർനിർണയം നടക്കുക.
വനിതാ സംവരണ സീറ്റുകൾ റൊട്ടേഷൻ അടിസ്ഥാനത്തിലാകും നിശ്ചയിക്കുക. ഇത് തെരഞ്ഞെടുപ്പ് കമ്മീഷനായിരിക്കും തീരുമാനിക്കുക. ഇതിനായി ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കും. മണ്ഡല പുനർനിർണയ ബില്ലുമായി ചേർത്താണ് വനിതാ സംവരണം നടപ്പാക്കുക.
ഭരണഘടനാ ഭേദഗതി ബിൽ രണ്ടാം തവണ സഭയിലെത്തുമ്പോൾ പ്രതിപക്ഷത്തെ ഭിന്നത മുതലെടുക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും പറയുന്നു. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ വിജയം തങ്ങൾക്കൊപ്പമുണ്ടാകുമെന്ന് മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നേരത്തെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉന്നയിച്ച ആശങ്കകൾ പരിഗണിച്ചാണ് എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ 50 ശതമാനം വർധന വരുത്താൻ കേന്ദ്രം തീരുമാനിച്ചത്. ബിൽ ലോക്സഭ പാസാക്കിയാൽ പുതുക്കിയ അംഗസംഖ്യ 2051 വരെ തുടരും.
അതിനിടെ, മണ്ഡല പുനർനിർണയ ബില്ലിനോടുള്ള എൻസിപി (എസ്പി) നിലപാട് ശരദ് പവാർ കോൺഗ്രസിനെ അറിയിച്ചതായി സൂചനയുണ്ട്. പാർട്ടിയെ ഒറ്റക്കെട്ടായി നിലനിർത്താൻ ബില്ലിനെ പിന്തുണയ്ക്കണമെന്ന് പവാർ പറഞ്ഞു. മണ്ഡല പുനർനിർണയം അനിവാര്യമാണെന്ന് എൻസിപി (എസ്പി) നേതാവ് ജിതേന്ദ്ര അവാദ് നേരത്തെ പറഞ്ഞിരുന്നു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയും വാർത്താസമ്മേളനത്തിൽ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചു. വനിതാ സംവരണ ബിൽ വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് ഇരുവരും പറഞ്ഞു. തെക്കേ ഇന്ത്യയുടെ ആശങ്ക പരിഹരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം അത് അംഗീകരിച്ചെന്നും നേതാക്കൾ അറിയിച്ചു.
എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം വർധന തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ആശ്വാസമാണെന്ന് അവർ പറഞ്ഞു. കേരളത്തിലെ സീറ്റ് 20ൽ നിന്ന് 30 ആയി ഉയരും. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ആകെ സീറ്റുകൾ 195 ആകും. മണ്ഡല പുനർനിർണയം നടപ്പാക്കിയാലും ദക്ഷിണേന്ത്യയുടെ വിഹിതം 23.76 ശതമാനമായി തുടരും.
ബില്ലിനെ രാജ്യത്തെ സ്ത്രീകൾ ശക്തമായി പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട ചന്ദ്രബാബു നായിഡു, ചരിത്രത്തിന്റെ തെറ്റായ ഭാഗത്ത് നിൽക്കരുതെന്നും മുന്നറിയിപ്പ് നൽകി.







