തിരുപ്പരൻകുണ്ഡ്രം ദീപത്തൂണിൽ ദീപം തെളിയിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിന് തമിഴ്‌നാട്ടിലെ വിജയ് സർക്കാരിനും ഉദ്യോഗസ്ഥർക്കുമെതിരെ സുപ്രീംകോടതി കടുത്ത വിമർശനമുന്നയിക്കുകയും അസാധാരണ നടപടികൾ പ്രഖ്യാപിക്കുകയും ചെയ്തു. ദീപസ്തംഭത്തിൽ വിളക്ക് തെളിക്കാത്തത് മനഃപൂർവവും ഗുരുതരവുമായ കോടതിയലക്ഷ്യമാണെന്ന് നിരീക്ഷിച്ച കോടതി, ഉദ്യോഗസ്ഥർ രാഷ്ട്രീയ യജമാനന്മാർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് കുറ്റപ്പെടുത്തി.
ഇത്തരം സാഹചര്യങ്ങളെ ഇരുമ്പുമുഷ്ടികൊണ്ട് നേരിടേണ്ട സമയമായെന്നും, നടപടിയുണ്ടായില്ലെങ്കിൽ ഭരണഘടനാപരമായ അരാജകത്വത്തിന് വഴിയൊരുങ്ങുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. തമിഴ്‌നാട് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനും കോടതി നിർദ്ദേശിച്ചു.
നാളെ ദീപത്തൂണിൽ ദീപം തെളിയിക്കണമെന്ന് ഉത്തരവിട്ട കോടതി, പ്രദേശത്തെ സുരക്ഷ കേന്ദ്ര സേനയായ സി ആർ പി എഫ് ഏറ്റെടുക്കണമെന്നും നിർദ്ദേശിച്ചു. മലയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കണമെന്നും എല്ലാ വിശ്വാസികൾക്കും ദീപം തെളിയിക്കാൻ സൗകര്യമൊരുക്കണമെന്നും ഉത്തരവിലുണ്ട്. സമീപത്തുള്ള ദർഗയ്ക്ക് മതിയായ സുരക്ഷ ഒരുക്കാനും സുപ്രീംകോടതി നിർദ്ദേശം നൽകി.
മധുര ജില്ലാ കളക്ടർ, സംസ്ഥാന പൊലീസ് മേധാവി, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ, ട്രസ്റ്റി ബോർഡ് അംഗങ്ങൾ എന്നിവർക്കെതിരെ പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യത്തിന് തെളിവുണ്ടെന്ന് വ്യക്തമാക്കിയ കോടതി, നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധ്യപ്പെടുത്താൻ നോട്ടീസ് അയച്ചു. ഉദ്യോഗസ്ഥർ നടത്തിയ എല്ലാ ചർച്ചകളുടെയും വിശദാംശങ്ങൾ കോടതിയെ അറിയിക്കണമെന്നും നിർദ്ദേശിച്ചു.
കർശന നടപടിയുടെ ഭാഗമായി തിരുപ്പരങ്കുണ്ഡ്രം ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന്റെ ബോർഡ് ഓഫ് ട്രസ്റ്റി സുപ്രീംകോടതി സസ്പെൻഡ് ചെയ്യുകയും ക്ഷേത്രത്തിൽ റിസീവർ ഭരണം ഏർപ്പെടുത്തുകയും ചെയ്തു. മേഘാലയ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ് വൈദ്യനാഥൻ, മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി പാർത്ഥിപൻ എന്നിവരെയാണ് റിസീവർമാരായി നിയമിച്ചത്.
പതിവുപോലെ മധുര തിരുപ്പരൻകുണ്ഡ്രം ദീപത്തൂണിൽ വാർഷിക കാർത്തിക ദീപം തെളിയിക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. എന്നാൽ വിജയ് സർക്കാർ ദീപത്തൂണിൽ വിളക്ക് കത്തിക്കാതെ, വൈകിട്ട് ആറുമണിയോടെ ഉച്ചി പിള്ളയാർ ക്ഷേത്രത്തിലെ പതിവ് സ്ഥലത്താണ് ദീപം തെളിയിച്ചത്.







