രണ്ട് ദിവസത്തെ സന്ദർശനത്തിനായി ദ്രൗപതി മുർമു കേരളത്തിലെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഖ്യമന്ത്രി വി ഡി സതീശനും ഗവർണർ ഓം പ്രകാശ് മാഥൂറും ചേർന്ന് രാഷ്ട്രപതിയെ സ്വാഗതം ചെയ്തു.
കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ഹെലികോപ്റ്ററിൽ തൃശ്ശൂരിലെത്തിയ രാഷ്ട്രപതി, വൈദ്യരത്നം ആയുർവേദ കോളേജിന്റെ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
വൈകിട്ട് നാലരയോടെ ഗുരുവായൂർ ക്ഷേത്ര ദർശനം പൂർത്തിയാക്കി ഏഴിമലയിലേക്ക് പോകും. നാളെ നാവിക അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യാതിഥിയായ ശേഷം മിസോറാമിലേക്ക് മടങ്ങും.
സന്ദർശനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് ഒന്നിന് ശേഷം ചൂണ്ടൽ മുതൽ ഗുരുവായൂർ കാരക്കാട് ജങ്ഷൻ വരെ ഗതാഗതം അനുവദിക്കില്ല. സ്വകാര്യ ബസുകൾ പടിഞ്ഞാറെനട കമ്പിപ്പാലത്തിനു സമീപമുള്ള ബസ് സ്റ്റാൻഡിൽ നിർത്തിയിടണം.
ചാവക്കാട്, പൊന്നാനി ഭാഗങ്ങളിൽ നിന്നുള്ള ടോറസ്, ടിപ്പർ ലോറികൾ ചാവക്കാട് ജങ്ഷന് മുൻപായും പാവറട്ടിയിൽ നിന്നുള്ളവ പഞ്ചാരമുക്ക് ജങ്ഷന് മുൻപായും പാർക്ക് ചെയ്യണം. തൃശൂരിൽ നിന്നുള്ള വാഹനങ്ങൾ ചൂണ്ടലിൽ നിന്ന് കുന്നംകുളം വഴി ഗുരുവായൂരിലെത്തണം. ഇന്നർ, ഔട്ടർ റിങ് റോഡുകളിൽ പാർക്കിങ് പൂർണമായി നിരോധിക്കും.
ട്രയൽ റണ്ണിന്റെ ഭാഗമായി നാളെയും നിയന്ത്രണങ്ങൾ തുടരുമെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സുരേന്ദ്രൻ അറിയിച്ചു.







