അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെയും പ്രോട്ടീൻ പൊടികളുടെയും വിൽപ്പന തടയാൻ സംസ്ഥാന ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഇതിനായി എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് നിർദ്ദേശം നൽകി. ഇത്തരം വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുമെന്നും അറിയിച്ചു.
പേശീബലം കൂട്ടാനും ശാരീരിക ഉത്തേജനത്തിനുമെന്ന പേരിൽ വ്യാജ പരസ്യം നൽകി ഗുളികകളും ഓയിൽമെന്റും തൈലവും വിൽക്കുന്നവരെ കണ്ടെത്തി ക്രിമിനൽ നടപടി സ്വീകരിക്കാനും നിർദ്ദേശമുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്ലോഗർമാർക്കെതിരെയും കർശന നടപടി വേണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
മംഗലാപുരം–കാസർകോട് കേന്ദ്രീകരിച്ച് ഇത്തരം വസ്തുക്കൾ ഓൺലൈനായി സംസ്ഥാനത്ത് വിറ്റഴിക്കുന്നതായാണ് വിലയിരുത്തൽ. പാകിസ്ഥാൻ വഴിയെത്തുന്ന ഇവയിൽ നിർമ്മാതാവിന്റെ പേര്, നിർമ്മാണ തീയതി, കാലാവധി എന്നിവയൊന്നും രേഖപ്പെടുത്താറില്ലെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ് നേരത്തേ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മലപ്പുറത്തെ 17 കാരിക്ക് മുഖകാന്തി വർധിപ്പിക്കാനുള്ള ഫേസ്ക്രീമിലെ വിഷബാധ മൂലം ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിനു പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ ഈ കർശന ഇടപെടൽ.
അതേസമയം, ഈ സംഭവത്തിൽ നിയമപോരാട്ടം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇരയായ 17 കാരി. മലപ്പുറത്ത് മാധ്യമങ്ങളെ കണ്ട പെൺകുട്ടി കേസുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി. ഉപയോഗിച്ചിരുന്ന ക്രീമിന്റെ സാമ്പിൾ പൊലീസിന് കൈമാറിയതായും എഫ് ട്യൂൺ എന്ന ക്രീമിൽ നിന്നാണ് വൃക്കരോഗമുണ്ടായതെന്ന് പൊലീസിന് മൊഴി നൽകിയതായും അവർ പറഞ്ഞു. കൺസ്യൂമർ കോടതിയെ സമീപിക്കുമെന്നും കുട്ടി അറിയിച്ചു.
ഈ ക്രീം ഇപ്പോൾ ഉപയോഗിക്കുന്നവർ അത് നിർത്തണമെന്നും അവർ അഭ്യർഥിച്ചു. ഇതേക്കുറിച്ച് തന്നെ കമന്റിലൂടെ വേദനിപ്പിക്കുന്നവരുണ്ടെന്നും താൻ ഇതിൽ അകപ്പെട്ടുപോയി, മറ്റുള്ളവരെങ്കിലും രക്ഷപ്പെടണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞ അവർ അതുകൊണ്ടാണ് നിയമപോരാട്ടത്തിനിറങ്ങിയതെന്നും വ്യക്തമാക്കി.
സൗന്ദര്യവർധക ഉത്പന്നങ്ങളിലെ വ്യാജന്മാരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് നടത്തിയ ഓപ്പറേഷൻ സൗന്ദര്യയിൽ ഫെയർനെസ് ക്രീമുകളിൽ ഹെവി മെറ്റൽ സാന്നിധ്യം കണ്ടെത്തി. ചില ക്രീമുകളിൽ അനുവദനീയമായതിനേക്കാൾ 20,000 മടങ്ങ് മെർക്കുറിയുണ്ടായിരുന്നു. സൗജന്യ സാമ്പിളുകളിലും ചില ലിപ്സ്റ്റിക്കുകളിലും ഹാനികരമായ വസ്തുക്കൾ തിരിച്ചറിഞ്ഞു. പരാതികളെത്തുടർന്ന് ഓപ്പറേഷൻ സൗന്ദര്യ വീണ്ടും ശക്തമാക്കാനാണ് സർക്കാർ നീക്കം.







