സംസ്ഥാന പോലീസ് മേധാവിയും അഡ്വക്കേറ്റ് ജനറലും സർക്കാരിന് നൽകിയ നിയമോപദേശപ്രകാരം, കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണക്കേസ് സി.ബി.ഐക്ക് വിടുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ട്. ഇക്കാര്യത്തിൽ തീരുമാനം ഇനിയും വൈകാനാണ് സാധ്യത. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി നേരത്തെ തള്ളിയത് ചൂണ്ടിക്കാട്ടിയാണ് ഈ ഉപദേശം. സി.ബി.ഐക്ക് പകരം പുതിയ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിക്കുന്നതാണ് ഉചിതമെന്നും നിയമോപദേശത്തിൽ പറയുന്നു.
ജൂൺ നാലിന് അന്വേഷണം സി.ബി.ഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചിരുന്നതാണ്. എന്നാൽ പുതിയ നിയമോപദേശത്തിന്റെ പശ്ചാത്തലത്തിൽ ഇതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽ അന്തിമ തീരുമാനം ഇനിയും നീണ്ടേക്കും.
വിവാദങ്ങളുടെ തുടക്കം ഒക്ടോബർ 14-ന് കണ്ണൂർ കളക്ടറേറ്റിൽ നടന്ന ഒരു യാത്രയയപ്പ് യോഗത്തിലായിരുന്നു. സ്ഥലംമാറ്റം കിട്ടി സ്വദേശത്തേക്ക് മടങ്ങാനിരുന്ന നവീൻ ബാബുവിനായി ഒരുക്കിയ ചടങ്ങിൽ, ക്ഷണിക്കപ്പെടാതെ എത്തിയ അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ പരസ്യമായി അഴിമതി ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ചു.
ഈ സംഭവത്തിന് പിന്നാലെ ചടങ്ങിൽ ലഭിച്ച ഉപഹാരങ്ങൾ പോലും എടുക്കാതെയാണ് നവീൻ ബാബു കളക്ടറേറ്റ് വിട്ടിറങ്ങിയത്. അന്ന് രാത്രി 8.55-ന് പുറപ്പെടുന്ന മലബാർ എക്സ്പ്രസിൽ നാട്ടിലേക്ക് പോകാൻ ടിക്കറ്റെടുത്തിരുന്നെങ്കിലും അദ്ദേഹം ട്രെയിനിൽ കയറിയിരുന്നില്ല. പുലർച്ചെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ബന്ധുക്കൾ, നവീൻ ബാബു ട്രെയിനിലില്ലെന്ന വിവരം കണ്ണൂരിൽ അറിയിച്ചു. തുടർന്ന് എ.ഡി.എമ്മിന്റെ ഡ്രൈവർ കണ്ണൂരിലെ താമസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നിലവിൽ സമർപ്പിച്ച കുറ്റപത്രപ്രകാരം പി.പി. ദിവ്യ മാത്രമാണ് ഏക പ്രതി.







