തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു പിന്നാലെ ചവറയിലെ 42കാരിയായ ഉദയലക്ഷ്മി മരിച്ചു. ചികിത്സയിലെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
തേവലക്കര മുള്ളിക്കാല വടക്ക് അനിൽ ഭവനത്തിൽ അനിൽകുമാറിന്റെ ഭാര്യയാണ് മരിച്ച ഉദയലക്ഷ്മി. ചെങ്ങന്നൂർ കൊല്ലകടവ് ചെറിയനാട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ 16ന് ശസ്ത്രക്രിയയ്ക്കു വിധേയയായ ശേഷമാണ് ഇവരെ ഐസിയുവിലേക്ക് മാറ്റിയത്. ശ്വാസതടസ്സം മാറ്റാനുള്ള ചികിത്സയ്ക്കിടെയായിരുന്നു മരണം.
ഉദയലക്ഷ്മിയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരിടത്തേക്ക് മാറ്റണമെന്ന് ആശുപത്രി അധികൃതരെ ബന്ധുക്കൾ അറിയിച്ചിരുന്നുവെന്ന് അവർ പറയുന്നു. എന്നാൽ 17ന് ഉച്ചയ്ക്ക് ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടുപോയതിനു പിന്നാലെ ഹൃദയാഘാതമാണെന്ന് അറിയിച്ചു എന്നാണ് കുടുംബത്തിന്റെ വിവരണം.
മരണത്തിൽ സംശയം ഉന്നയിച്ച് വെൺമണി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയെത്തുടർന്ന് താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് നടക്കും.
ഭർത്താവ് അനിൽകുമാർ വിദേശത്താണ്. ചവറ പട്ടത്താനം വിളയിൽ വീട്ടിൽ ലീലാമ്മയുടെയും പരേതനായ ശിവശങ്കരപ്പിള്ളയുടെയും മകളാണ് ഉദയലക്ഷ്മി. മകൻ രഘുനന്ദൻ.
ശ്വാസംമുട്ടൽ മാറ്റുന്നതിനായി ട്യൂബ് ഘടിപ്പിക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായതെന്നും ശസ്ത്രക്രിയയിലോ തുടർചികിത്സയിലോ പിഴവുണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിരുന്നുവെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അവർ വ്യക്തമാക്കി. ചികിത്സാ രേഖകൾ പൊലീസിന് കൈമാറിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.







