നവാഗത സംവിധായകൻ അഭയ് ശങ്കറിന്റെ ‘F6 ബിൽഡിംഗ് ഐവറി സ്ട്രീറ്റ്’ എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തമിഴിലും മലയാളത്തിലുമായി എത്തുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഓറാ ടെയ്ൽ സ്റ്റുഡിയോസിന്റെ ബാനറിൽ അഭയ് ശങ്കർ തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്നത്. ഹൊറർ, ത്രില്ലർ ഘടകങ്ങൾക്കൊപ്പം കുടുംബബന്ധങ്ങളും കോമഡിയും പ്രണയവും ഇടകലർത്തി വ്യത്യസ്തമായ ഒരു സിനിമാനുഭവം നൽകാനാണ് ചിത്രം ശ്രമിക്കുന്നത്.
ഇരുണ്ടതും നിഗൂഢത നിറഞ്ഞതുമായ ഒരു കെട്ടിടത്തിന്റെ പശ്ചാത്തലത്തിൽ ഭയത്തോടെയും അമ്പരപ്പോടെയും നിൽക്കുന്ന അമ്മയും മകനുമാണ് പോസ്റ്ററിലെ പ്രധാന ദൃശ്യം. ചിത്രത്തിന്റെ അന്തരീക്ഷവും കഥാപശ്ചാത്തലവും സൂചിപ്പിക്കുന്ന ഈ ചിത്രം കാണികളിൽ ആകാംക്ഷ വർധിപ്പിക്കുന്നു.
കേരളത്തിൽ നിന്ന് പുതിയ ജീവിതം തേടി അമ്മയോടൊപ്പം ചെന്നൈയിലേക്ക് താമസം മാറുന്ന ഒരു യുവ സിനിമാമോഹിയുടെ കഥയാണ് ചിത്രം പറയുന്നത്. പുതിയ താമസസ്ഥലത്ത് ഇവർക്ക് ദുരൂഹവും അമാനുഷികവുമായ സംഭവങ്ങൾ നേരിടേണ്ടി വരുന്നതോടെ അവരുടെ ജീവിതം ഭീതിയുടെ നിഴലിലാകുന്നു. ആ വീട്ടിൽ നടക്കുന്ന ഭയാനകമായ സംഭവങ്ങളും അവയ്ക്ക് പിന്നിലെ രഹസ്യങ്ങളുമാണ് സിനിമ അവതരിപ്പിക്കുന്നത്.
കലേഷ് രാമാനന്ദ് നായകനായെത്തുന്ന ചിത്രത്തിൽ ശ്രദ്ധ ഗോകുൽ നായികയാകുന്നു. ഹൃദയം, വർഷങ്ങൾക്കു ശേഷം, ഫേസസ്, ഗാർഗി എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെയും തമിഴരുടെയും പ്രിയങ്കരനായ കലേഷ്, ഇതിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ദൃശ്യം 3-ലെ പ്രധാന കഥാപാത്രം ചെയ്ത ശ്രദ്ധ ഈ ചിത്രത്തിലൂടെ നായികയായി അരങ്ങേറുന്നു. മോഹിനിയാട്ടം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം കലാരഞ്ജിനി നായകന്റെ അമ്മയുടെ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു. രമേഷ് തിലക്, തലൈവാസൽ വിജയ്, ചാർമിള, ടി.എസ്.ആർ. ശ്രീനിവാസൻ, കുംകി അശ്വിൻ, ഡോ. അമർ രാമചന്ദ്രൻ, പ്രതിഭാ പ്രതാപ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. വർഷങ്ങൾക്കു ശേഷം ചാർമിള ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ സജീവമാകുന്നു.
സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത് ശ്രീജിത്ത് ഇടവനയാണ്. ഛായാഗ്രഹണം പ്രശാന്ത് പ്രണവം നിർവഹിക്കുന്നു. എഡിറ്റിംഗ് എം എസ് അയ്യപ്പൻ നായർ കൈകാര്യം ചെയ്യുന്നു. സ്റ്റണ്ട് മാസ്റ്റർ ജാക്കി ജോൺസൺ പ്രോജക്ട് ഡിസൈനറായും ദീപു ചന്ദ്രൻ വി.എഫ്.എക്സ് വിഭാഗത്തിന്റെ ചുമതലയിലും പ്രവർത്തിക്കുന്നു. വിനീത് ശ്രീനിവാസൻ, ഹിഷാം അബ്ദുൽ വഹാബ്, അനില രാജീവ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. നവീൻ കണ്ണൻ, ഭീം ജി, നവീൻ മാരാർ, രഞ്ജിത്ത് എന്നിവർ ഗാനരചന നടത്തി. കളറിംഗ് പ്രദീപ് ശങ്കർ ചെയ്തിരിക്കുന്നു. പോസ്റ്റർ ഡിസൈനുകളും ലിറിക്കൽ വീഡിയോകളും എസ കെ ഡി ഒരുക്കി. സൗണ്ട് ഡിസൈനും മിക്സിംഗും സി.എം. സാദിഖും സൗണ്ട് എഡിറ്റിംഗ് ചരൺ വിനായകും ചെന്നൈ ആർ കെ സ്റ്റുഡിയോസിൽ നിർവഹിച്ചു. ചെന്നൈ ഭരണി സ്റ്റുഡിയോസിലാണ് ഡബ്ബിംഗ് പൂർത്തിയാക്കിയത്.
കോർ എക്സിക്യൂട്ടീവുകളായി മിഥുൻ മാമ്മൂട്ടിലും എം ഉമയും പ്രവർത്തിക്കുന്നു. എസ്.പി. നാഗരാജ് കലാസംവിധാനവും കെ. മഹേന്ദ്രൻ പ്രൊഡക്ഷൻ മാനേജ്മെന്റും കെ. രാമു വസ്ത്രാലങ്കാരവും രോഹിണി കെ.എസ്. മേക്കപ്പും കൈകാര്യം ചെയ്യുന്നു.
ചെന്നൈയിലും തിരുവനന്തപുരത്തുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. 2027 ജനുവരിയിൽ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം. കേരളത്തിൽ എം കെ ഷെജിനും തമിഴ്നാട്ടിൽ എയിം സതീഷ് ഗ്രൂപ്പും പി ആർ ഓ ആയി പ്രവർത്തിക്കുന്നു.

