വൈദ്യുതി കരാർ വിവാദം: പിണറായി-സതീശൻ പോര് മുറുകുന്നു

വൈദ്യുതി കരാർ വിവാദം: പിണറായി-സതീശൻ പോര് മുറുകുന്നു

വൈദ്യുതി വാങ്ങലിനെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്കെതിരെ വീണ്ടും രംഗത്തെത്തി. സതീശന്റെ നീക്കങ്ങൾ ഓരോന്നായി പൊളിഞ്ഞുവീഴുകയാണെന്നും, വാചകമടിച്ചതുകൊണ്ട് ചെയ്ത തെറ്റുകൾ വെളുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇരുട്ടിന്റെ മറവിൽ കോടികളുടെ ദുരൂഹ വൈദ്യുതിക്കച്ചവടത്തിനായി, പവർക്കട്ടിന്റെ പേരിൽ ജനങ്ങളെ ഭയപ്പെടുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ഇടപെട്ടെന്നാണ് പിണറായിയുടെ ആരോപണം. പ്രതിപക്ഷം വസ്തുതകൾ നിരത്തി ഉന്നയിച്ച ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മേശപ്പുറത്തിരിക്കുന്ന അതീവ ഗൗരവമുള്ള ഔദ്യോഗിക ഫയലുകളെ ടിഷ്യു പേപ്പറെന്ന് വിളിച്ച് മുഖ്യമന്ത്രി സ്വയം പരിഹാസ്യനാകുകയാണെന്നും പിണറായി പരിഹസിച്ചു. രേഖകൾ ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ തലയിൽ കുറ്റം ചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നത് ശുദ്ധ ഭീരുത്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിവരക്കേടുകളെ വീരവാദമാക്കി ജനങ്ങളെ കൊഞ്ഞനം കുത്തുന്ന ഈ പരിഹാസശൈലി മുഖ്യമന്ത്രി സ്വന്തം പോക്കറ്റിൽ വെച്ചാൽ മതിയെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.

കേരളത്തിൽ യഥാർത്ഥത്തിൽ വൈദ്യുതി പ്രതിസന്ധിയില്ലെന്നും, വൻകിട വൈദ്യുതി കരാറുകളുടെ മറവിൽ വൻ അഴിമതിക്ക് വഴിയൊരുക്കാൻ കൃത്രിമമായി സൃഷ്ടിച്ച പ്രതിസന്ധിയാണിതെന്നും പിണറായി ആവർത്തിച്ചു. അതിനായാണ് ജനങ്ങളെ പവർക്കട്ട് ഭീതിയിൽ ഇരുട്ടിൽ നിർത്തിയതെന്നും ആരോപിച്ചു. രാജ്യത്തെ വൈദ്യുതിയുടെ പൊതുനിലയും ഒക്ടോബറിലെ റെഗുലേറ്ററി കമ്മീഷൻ ഉത്തരവും ഉൾപ്പെടെ സമഗ്രമായി വിലയിരുത്തിയാണ് പ്രതിപക്ഷം ഈ നിലപാടെടുത്തതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന് ഇപ്പോൾ മുഖ്യമന്ത്രിക്ക് തന്നെ പരസ്യമായി സമ്മതിക്കേണ്ടി വന്നിരിക്കുന്നുവെന്നും പിണറായി കൂട്ടിച്ചേർത്തു.

ഹിമാചൽ വൈദ്യുതി വാങ്ങണമെന്ന് താൻ വാദിച്ചെന്ന് മുഖ്യമന്ത്രി തുടർച്ചയായി ആവർത്തിക്കുകയാണെന്നും അത് വസ്തുതാവിരുദ്ധമാണെന്നും പിണറായി പറഞ്ഞു. ജി.എൻ.എ കരാർ വഴിയുള്ള വൻ കൊള്ളയെക്കുറിച്ച് വിശദീകരിക്കുമ്പോൾ, നിരക്കിൽ അതിനേക്കാൾ ഭേദം ഹിമാചൽ വൈദ്യുതിയാണെന്ന് താരതമ്യം ചെയ്തതിനെയാണ് വളച്ചൊടിക്കുന്നത്. ഹിമാചൽ വൈദ്യുതി വേണമെന്ന് എവിടെയെങ്കിലും പറഞ്ഞതായി തെളിയിക്കാൻ അദ്ദേഹം മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. അതിന് മറുപടി പറയേണ്ടത് സ്വന്തം വൈദ്യുതി മന്ത്രിയുടെ മുന്നിലാണെന്നും പിണറായി ഓർമിപ്പിച്ചു.

ദീർഘകാല ഹിമാചൽ കരാർ ലാഭകരമാണെന്ന മുൻ കെ.എസ്.ഇ.ബി ചെയർമാന്റെ ശുപാർശ ശരിയാണെന്ന് മാതൃഭൂമി അഭിമുഖത്തിൽ തുറന്നുപറഞ്ഞത് വകുപ്പ് മന്ത്രി സണ്ണി ജോസഫാണെന്നും, അദ്ദേഹം കെ.പി.സി.സി പ്രസിഡന്റ് കൂടിയാണെന്നും പിണറായി ചൂണ്ടിക്കാട്ടി. ചെയർമാൻ വ്യാജ കുറിപ്പുണ്ടാക്കിയെന്ന് പറഞ്ഞ് ഒത്തുകളി അന്വേഷണം പ്രഖ്യാപിച്ചതും മുഖ്യമന്ത്രി തന്നെയല്ലേ എന്നും അദ്ദേഹം ചോദിച്ചു. റെഗുലേറ്ററി കമ്മീഷന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് നിയമസാധുതയില്ലാത്ത ജി.എൻ.എ വഴി ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രി നിർബന്ധം പിടിച്ചതും, അതിനായി സ്വന്തം ഇഷ്ടക്കാരനായ ഊർജ്ജ സെക്രട്ടറിയെ നിയോഗിച്ചതും ആരുടെ താല്പര്യപ്രകാരമായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷം പിടികൂടിയപ്പോഴാണ് ജി.എൻ.എ കരാർ റദ്ദാക്കിയതും മുൻ ചെയർമാനെതിരെ അന്വേഷണം പ്രഖ്യാപിച്ചതും. ഇക്കാര്യങ്ങൾ വകുപ്പ് മന്ത്രി അറിഞ്ഞത് പത്രവാർത്ത കണ്ടാണെന്നും പിണറായി പറഞ്ഞു.

മുഖ്യമന്ത്രി താനുമായി സംസാരിച്ചിട്ടില്ലെന്നും താൻ എവിടെയും സത്യമേ പറയൂ എന്നും ഒരു വകുപ്പ് മന്ത്രിക്ക് പരസ്യമായി സാക്ഷ്യപ്പെടുത്തേണ്ടി വന്നത് കേരള ചരിത്രത്തിലെ അപൂർവ രാഷ്ട്രീയ നാണക്കേടാണെന്നും പിണറായി പരിഹസിച്ചു. മുന്നണി കൺവീനർ അടൂർ പ്രകാശ് പോലും ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് തുറന്നുപറയുന്നു. എൻ.ടി.പി.സിയിൽ നിന്ന് യൂണിറ്റിന് 5 രൂപ 18 പൈസയ്ക്ക് വൈദ്യുതി കിട്ടുമെന്ന വാദം ഇപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും അദ്ദേഹം ആരോപിച്ചു. എൻ.ടി.പി.സി വിഹിതവും വൈദ്യുതി ലഭ്യതയും വർഷങ്ങളായി സർക്കാരിന്റെ മുന്നിലുള്ള വിവരങ്ങളാണെന്നും, അവ ഇന്നലെ രാത്രി കണ്ടെടുത്തതല്ലെന്നും പിണറായി ചോദിച്ചു. ഈ വിവരങ്ങളും റെഗുലേറ്ററി ഉത്തരവും മറച്ചുവെച്ച്, ട്രേഡർ പോലുമല്ലാത്ത ജി.എൻ.എ പ്ലാറ്റ്‌ഫോമിന് മുന്നിൽ ആര്‍ക്കുവേണ്ടിയാണ് മുഖ്യമന്ത്രി ഓച്ഛാനിച്ചുനിന്നതെന്നും അദ്ദേഹം ചോദിച്ചു.

ഉദ്യോഗസ്ഥരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് അയച്ച് കാര്യങ്ങൾ ആലോചിച്ചതും തീരുമാനിച്ചതും മുഖ്യമന്ത്രിയാണെന്ന് വകുപ്പ് മന്ത്രി തന്നെ സ്ഥിരീകരിച്ചിരിക്കെ, ആർക്കെതിരെയാണ് ഈ പ്രഹസന അന്വേഷണമെന്നും പിണറായി ചോദിച്ചു. അന്വേഷണം നേരിടേണ്ടത് താഴെത്തട്ടിലെ ഉദ്യോഗസ്ഥരല്ല, മന്ത്രിസഭയെ നോക്കുകുത്തിയാക്കി ഇടപാടുകൾക്ക് നേരിട്ട് ചുക്കാൻ പിടിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു. ഫയലിൽ തീരുമാനമെടുക്കാൻ “വേണ്ട ആളുകളുമായി ഡിസ്കസ് ചെയ്തു” എന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് സമ്മതിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. വകുപ്പ് മന്ത്രിയോ ചീഫ് സെക്രട്ടറിയോ പവർ സെക്രട്ടറിയോ അല്ലാതെ, സെക്രട്ടേറിയറ്റിന് പുറത്തിരുന്ന് ഫയലുകൾ നിയന്ത്രിക്കുന്ന ആ അദൃശ്യ സംഘം ആരാണെന്നും ചോദിച്ചു. റൂൾസ് ഓഫ് ബിസിനസ് അവഗണിച്ച് പുറത്തുള്ള സംഘവുമായി ചർച്ച നടത്തിയത് ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണെന്നും പിണറായി പറഞ്ഞു.

റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരമോ നിയമപരമായ ടെൻഡറോ ഇല്ലാതെ എൽ.ഡി.എഫ് സർക്കാർ ഒരു യൂണിറ്റ് വൈദ്യുതി പോലും വാങ്ങാൻ കരാറുണ്ടാക്കിയിട്ടില്ലെന്നും, അങ്ങനെ ഒരു കരാറെങ്കിലും തെളിയിക്കാൻ മുഖ്യമന്ത്രി തയ്യാറാണോ എന്നും അദ്ദേഹം ചോദിച്ചു. യു.ഡി.എഫ് കാലത്ത് (2011–2016) ഡി.ബി.എഫ്.ഒ.ഒ മാതൃകയിൽ സ്വകാര്യ കമ്പനികളുമായി ഉണ്ടാക്കിയ 865 മെഗാവാട്ടിന്റെ വിവാദ താപവൈദ്യുതി ദീർഘകാല കരാറുകൾ വലിയ സാമ്പത്തിക ബാധ്യതയും റെഗുലേറ്ററി തടസ്സങ്ങളുമാണ് സൃഷ്ടിച്ചതെന്നും, ആഭ്യന്തര ഉൽപ്പാദന ശേഷിയിൽ തുച്ഛമായ വർധന മാത്രമേ ഉണ്ടായുള്ളൂവെന്നും പിണറായി ഓർമിപ്പിച്ചു. എന്നാൽ എൽ.ഡി.എഫ് കാലത്ത് പുതിയ പദ്ധതികളിലൂടെയും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിലൂടെയും ഇൻസ്റ്റാൾഡ് കപ്പാസിറ്റിയിൽ വലിയ വളർച്ചയുണ്ടായെന്നും, സൗരോർജ്ജവും കാറ്റും ബാറ്ററിയും ഉൾപ്പെടെ കുറഞ്ഞ നിരക്കിലുള്ള ഹരിതോർജ്ജത്തിനും സി.ഇ.ആർ.സി മാനദണ്ഡപ്രകാരമുള്ള കൽക്കരി വൈദ്യുതിക്കുമായി ആകെ 2,122 മെഗാവാട്ടിന്റെ 12 ദീർഘകാല കരാറുകൾ ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ നീക്കങ്ങളിലെയും അദൃശ്യ സംഘങ്ങളുടെ ഇടപെടലുകളിലെയും പൂർണ സത്യം പുറത്തുവരുന്നതുവരെ ശക്തമായ രാഷ്ട്രീയ പോരാട്ടവുമായി ജനങ്ങൾക്കൊപ്പമുണ്ടാകുമെന്ന് പിണറായി വ്യക്തമാക്കി. എല്ലാ വസ്തുതകളും നിയമത്തിനും ജനങ്ങൾക്കും മുന്നിൽ വരാൻ ജുഡീഷ്യൽ അന്വേഷണം നടന്നേതീരൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.