നാഷണല്‍ ഹെറാള്‍ഡ് കേസ് കെട്ടിച്ചമച്ചതെന്ന് സോണിയ ഗാന്ധി

നാഷണല്‍ ഹെറാള്‍ഡ് കേസ് കെട്ടിച്ചമച്ചതെന്ന് സോണിയ ഗാന്ധി

സോണിയ ഗാന്ധി തന്റെ തുറന്നെഴുത്തില്‍ പറയുന്നത്, നാഷണല്‍ ഹെറാള്‍ഡ് കേസ് കെട്ടിച്ചമച്ചതാണെന്നാണ്. താനോ രാഹുല്‍ ഗാന്ധിയോ ഒരു രൂപപോലും കൈപ്പറ്റിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനുള്ള ആയുധമായാണ് ഈ കേസിനെ അവര്‍ വിശേഷിപ്പിക്കുന്നത്.

പുസ്തകമായ ബിലോഗിംഗ് എ ജേര്‍ണി ഓഫ് ലവിലെ ഓര്‍മ്മക്കുറിപ്പില്‍, പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഗാന്ധി കുടുംബത്തിന് നല്‍കിയത് കൂട്ടായ തീരുമാനമായിരുന്നുവെന്ന് സോണിയ വെളിപ്പെടുത്തുന്നു.ഇഡിയുടെ മുന്നില്‍ ദിവസങ്ങളോളം ഇരുന്ന അനുഭവവും അവര്‍ വിവരിക്കുന്നു. സ്ഥാപനത്തെ നഷ്ടത്തില്‍ നിന്ന് കരകയറ്റാന്‍ സ്വീകരിച്ച നടപടികളെല്ലാം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും കണക്കുകളെല്ലാം കൃത്യമാണെന്നും അവര്‍ പറയുന്നു.

മരുമകന്‍ റോബര്‍ട്ട് വദ്രയെ ക്രിമിനലായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുവെന്നും, തെറ്റായ രേഖകള്‍ നല്‍കി പത്തുവര്‍ഷമായി മാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നും സോണിയ ആരോപിക്കുന്നു.

അധികാരം ഒഴിയാന്‍ തയ്യാറല്ലെന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായാണ് മല്ലികാര്‍ജുന്‍ ഖര്‍ഗയെ പാര്‍ട്ടി അധ്യക്ഷനാക്കിയതെന്നും, അതോടെ താന്‍ സ്വതന്ത്രയായെന്നും സോണിയ എഴുതുന്നു.

പ്രണബ് മുഖര്‍ജിയുടെ പ്രധാനമന്ത്രി മോഹം തന്നെ അമ്പരപ്പിച്ചുവെന്ന സോണിയയുടെ പരാമര്‍ശത്തെ പ്രണബിന്റെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി ചോദ്യം ചെയ്തു. ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാള്‍ക്ക് പ്രധാനമന്ത്രി പദം ആഗ്രഹിച്ചുകൂടേയെന്നും, സോണിയ എന്തിന് ഞെട്ടണമെന്നും അവര്‍ ചോദിച്ചു.

പുസ്തകത്തില്‍ പലയിടത്തും നരേന്ദ്രമോദിക്കെതിരെ സോണിയ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നു. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോദിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ വാജ്പേയ് ആലോചിച്ചിരുന്നുവെന്നും, എന്നാല്‍ പാര്‍ട്ടിയിലെ സമ്മര്‍ദ്ദത്തില്‍ തീരുമാനം മാറ്റിയെന്നും അവര്‍ കുറിക്കുന്നു.

ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധങ്ങള്‍ തനിക്കുണ്ടാക്കിയ മാനസികാഘാതവും സോണിയ വിവരിക്കുന്നു. രാജീവ് ഗാന്ധിയുടെ സുരക്ഷ പിന്‍വലിച്ചതിന് മുന്‍ പ്രധാനമന്ത്രിമാരായ വി പി സിംഗിനെയും ചന്ദ്രശേഖറിനെയും അവര്‍ കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒപ്പം ചേരാന്‍ ക്ഷണിച്ചാണ് രാജീവ് ഗാന്ധി അവസാനമായി പത്ത് ജന്‍പഥില്‍ നിന്ന് പോയതെന്നും അവര്‍ വേദനയോടെ ഓര്‍ക്കുന്നു.

ബിജെപി ഈ പുസ്തകത്തെ വിമര്‍ശിച്ചു. ബൊഫോഴ്സ് കേസിനെക്കുറിച്ചും യുപിഎ കാലത്തെ അഴിമതികളെക്കുറിച്ചും സോണിയ മിണ്ടുന്നില്ലെന്നും, അവര്‍ അസത്യം പ്രചരിപ്പിക്കുകയാണെന്നും ബിജെപി ആരോപിച്ചു.