വന്ദേമാതരം വിവാദം: ആരോഗ്യമന്ത്രിയുടെ നടപടിയിൽ രാഷ്ട്രീയ പോര്

വന്ദേമാതരം വിവാദം: ആരോഗ്യമന്ത്രിയുടെ നടപടിയിൽ രാഷ്ട്രീയ പോര്

കാസർകോട് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടനച്ചടങ്ങിനിടെ വന്ദേമാതരം ചൊല്ലുന്നതിനിടയിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ അതൃപ്തി പ്രകടിപ്പിച്ച് സീറ്റിൽ ഇരുന്നത് രാഷ്ട്രീയ വിവാദമായി. ഇതിനെതിരെ ബിജെപി രംഗത്തെത്തി.

ഉദ്ഘാടനം തുടങ്ങിയ ഉടൻ വന്ദേമാതരം ചൊല്ലി. ആദ്യ രണ്ട് ശ്ലോകങ്ങൾ ചൊല്ലുമ്പോൾ വേദിയിലുള്ളവരെല്ലാം എഴുന്നേറ്റുനിന്നു. എന്നാൽ ഗാനം പൂർണമായി ചൊല്ലുകയാണെന്ന് മനസ്സിലായതോടെ മന്ത്രി വേദിയിൽവെച്ചുതന്നെ അതൃപ്തി വ്യക്തമാക്കി. ജില്ലാ കളക്ടർ ശ്രീധന്യാ സുരേഷിനോടും രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയോടും അതൃപ്തി അറിയിച്ച ശേഷം, ചൊല്ലിക്കൊണ്ടിരിക്കുമ്പോൾത്തന്നെ അദ്ദേഹം ഇരിപ്പിടത്തിൽ ഇരുന്നു. അതേസമയം ഡിസിസി അധ്യക്ഷൻ ഫൈസലും നീലകണ്ഠൻ എംഎൽഎയും ഗാനം അവസാനിക്കുന്നതുവരെ എഴുന്നേറ്റുനിന്നു.

സർക്കാർ ചട്ടത്തിന് വിരുദ്ധമായാണ് കാര്യങ്ങൾ നടന്നതെന്ന് കെ. മുരളീധരൻ പ്രതികരിച്ചു. വിഷയം ബിജെപി രാഷ്ട്രീയ ആയുധമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരത്തോട് അനാദരവ് കാണിച്ചെന്നും നിയമം നടപ്പാക്കേണ്ടവർതന്നെ അത് ലംഘിച്ചെന്നും ബിജെപി ആരോപിച്ചു. മന്ത്രിക്കും മറ്റു നേതാക്കൾക്കും രാഷ്ട്രീയമുണ്ടാകാം, എന്നാൽ ജില്ലാ കളക്ടറുടെ നടപടി ശരിയായില്ലെന്നും ബിജെപി നേതാക്കൾ പറഞ്ഞു.

ബിജെപിയുടെ ആരോപണങ്ങൾ ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് തള്ളി. അജണ്ടയിലുണ്ടായിരുന്നതും അനൗൺസ് ചെയ്തതും ഈശ്വര പ്രാർത്ഥനയായിരുന്നു; പകരം വന്ദേമാതരം മുഴുവൻ ചൊല്ലിയത് തെറ്റായ രീതിയാണെന്നും അവർ പറഞ്ഞു. സർക്കാർ പ്രോട്ടോകോൾ പ്രകാരം വന്ദേമാതരം മുഴുവൻ ചൊല്ലുന്നത് ശരിയല്ലെന്ന് പറഞ്ഞത് ആരോഗ്യമന്ത്രിയാണെന്നും കളക്ടർ ചൂണ്ടിക്കാട്ടി.

അതിനിടെ, സംഭവത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാക്കും ഗവർണർക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകാനൊരുങ്ങുകയാണ് ബിജെപി.