അരിയിൽ ഷുക്കൂർ വധക്കേസിൽ ഏഴ് പേർക്ക് ജീവപര്യന്തം

അരിയിൽ ഷുക്കൂർ വധക്കേസിൽ ഏഴ് പേർക്ക് ജീവപര്യന്തം

കൊച്ചിയിലെ സിബിഐ കോടതി അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി പ്രസ്താവിച്ചു. കേസിൽ പതിമൂന്ന് പേരെ കുറ്റക്കാരായി കണ്ടെത്തിയെങ്കിലും കൊലക്കുറ്റം തെളിഞ്ഞത് ഏഴ് പേർക്കെതിരെ മാത്രമാണ്. ഈ ഏഴ് പേരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

ഒന്നാം പ്രതി കെ വി സുമേഷ്, മൂന്നാം പ്രതി എ വി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, പത്താം പ്രതി എൻ പി ദിനേശൻ എന്ന മൈന ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ എന്ന വടി ബിജു, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവരാണ് ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവർ.

മൂന്ന് വർഷത്തിൽ താഴെ മാത്രം തടവ് ലഭിച്ച ആറ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിക്കുകയും ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കുകയും ചെയ്തു. ഇവർ രാധാകൃഷ്ണൻ (പതിനാലാം പ്രതി), സജിത് (പതിനാറാം പ്രതി), വി.വി. മോഹനൻ (ഇരുപത്തിയഞ്ചാം പ്രതി), പുരുഷോത്തമൻ (ഇരുപത്തിയാറാം പ്രതി), അജിത് കുമാർ (ഇരുപത്തിയേഴാം പ്രതി), പി.പി. സുരേശൻ (ഇരുപത്തിയെട്ടാം പ്രതി) എന്നിവരാണ്.

അതേസമയം സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷും ഉൾപ്പെടെ 18 പേരെ കോടതി വെറുതെ വിട്ടു.

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഏഴ് പേരെയും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. പ്രതികളുടെ അപേക്ഷ പ്രകാരമാണ് ഈ നീക്കം. ഇന്ന് എറണാകുളം ജില്ലാ ജയിലിൽ പാർപ്പിച്ച ശേഷം നാളെ രാവിലെ കണ്ണൂരിലേക്ക് കൊണ്ടുപോകും.

2012 ഫെബ്രുവരി 12ന് തളിപ്പറമ്പിലെ ചുള്ളിയോട് വയലിലാണ് സംഭവം നടന്നത്. കണ്ണൂർ അരിയിലെ എംഎസ്എഫ് പ്രവർത്തകനായ അബ്ദുൽ ഷുക്കൂറിനെ, അന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ വാഹനവ്യൂഹം തടഞ്ഞ് ആക്രമിച്ചെന്ന് ആരോപിച്ച് പരസ്യവിചാരണ ചെയ്ത് കൊലപ്പെടുത്തി എന്നാണ് കേസ്. ജയരാജനും അന്നത്തെ എംഎൽഎ ടി വി രാജേഷും സഞ്ചരിച്ച കാർ മുസ്ലീംലീഗ് പ്രവർത്തകർ തടഞ്ഞ് ആക്രമിച്ചതിനുള്ള പ്രതികാരമായാണ് ഈ ക്രൂരത നടന്നതെന്നും ആരോപണമുണ്ട്.

ഷുക്കൂർ ഉൾപ്പെടെയുള്ള മുസ്ലീം ലീഗ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ പിടികൂടി. ഇവരെ തിരിച്ചറിഞ്ഞെന്ന് ഉറപ്പാക്കാൻ ചിത്രങ്ങൾ എസ്എംഎസ് വഴി അയച്ചുനൽകി. തുടർന്ന് ഷുക്കൂറിനെയും സക്കറിയ അയുബിനെയും ആക്രമിച്ചു. സംഭവസ്ഥലത്ത് വെച്ചുതന്നെ ഷുക്കൂർ മരിച്ചു.