സംസ്ഥാനത്ത് സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്നു. ഓൺലൈൻ ട്രേഡിങ് ആപ്പിൽ പണം നിക്ഷേപിച്ച കോഴിക്കോട് ഉണ്ണികുളം സ്വദേശികളായ ദമ്പതികൾക്ക് 26 ലക്ഷം രൂപയാണ് നഷ്ടമായത്. ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത സൈബർ സംഘം ഫേസ്ബുക്ക് വഴിയാണ് ഷെയർ ട്രേഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ചത്. പല തവണകളായാണ് ദമ്പതികൾ പണം നിക്ഷേപിച്ചത്. ലാഭവിഹിതം ലഭിക്കാതെ വന്നപ്പോഴാണ് തങ്ങൾ തട്ടിപ്പിനിരയായ കാര്യം ഇവർ തിരിച്ചറിഞ്ഞത്. സംഭവത്തിൽ ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എറണാകുളം കണയന്നൂരിൽ ഒരു വയോധികന് ഒരു ലക്ഷം രൂപയോളം നഷ്ടമായതും സമാനരീതിയിലാണ്. പ്രമുഖ ബാങ്കിന്റെ കസ്റ്റമർ കെയറിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്. ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പർ ഗൂഗിളിൽ തിരഞ്ഞ കണയന്നൂർ സ്വദേശി ബാലരാജ പണിക്കർക്ക് ലഭിച്ചത് തട്ടിപ്പുസംഘം അപ്ലോഡ് ചെയ്ത വ്യാജ നമ്പറായിരുന്നു. ആ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ 81-കാരന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പുകാർ ചോദിച്ചറിഞ്ഞു. പിന്നാലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 1.18 ലക്ഷം രൂപ നഷ്ടമായി.
വാഹന ചലാന്റെ പേരിലുള്ള തട്ടിപ്പുകളും വ്യാപകമാണ്. ഇലക്ട്രിക് സ്കൂട്ടറിന് പിഴ ചുമത്തിയതായുള്ള സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത കോഴിക്കോട് നല്ലളം സ്വദേശിയായ യുവതിക്ക് ഒരു ലക്ഷത്തിലധികം രൂപ നഷ്ടമായി. നല്ലളം സ്വദേശിയായ മറ്റൊരാൾക്ക് 30,000 രൂപയും നഷ്ടപ്പെട്ടു. ഈ രണ്ട് കേസുകളിലും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

