കറ്റാനത്ത് പുതിയ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ആഭ്യന്തരവകുപ്പ് ഭരണാനുമതി നൽകി ഉത്തരവിറക്കി. കറ്റാനത്തും പരിസരപ്രദേശങ്ങളിലുമുള്ള ജനങ്ങളുടെ ദീർഘകാല ആവശ്യമാണ് ഇതോടെ യാഥാർഥ്യത്തിലേക്ക് അടുക്കുന്നത്.
കായംകുളം എംഎൽഎയും സഹകരണ–എക്സൈസ് വകുപ്പ് മന്ത്രിയുമായ എം. ലിജുവിന്റെ നിരന്തര ഇടപെടലുകളും ആവശ്യങ്ങളുമാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത്.
കറ്റാനം മേഖലയിലെ ജനസാന്ദ്രത വർധിക്കുകയും വ്യാപാര സ്ഥാപനങ്ങൾ പെരുകുകയും ചെയ്ത സാഹചര്യത്തിൽ, അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ഒരു പ്രാദേശിക ഫയർ സ്റ്റേഷൻ അനിവാര്യമാണെന്ന് മന്ത്രി സർക്കാരിനെ ബോധ്യപ്പെടുത്തിയിരുന്നു.
തീപിടിത്തം, റോഡപകടങ്ങൾ, കെട്ടിടാപകടങ്ങൾ, വെള്ളക്കെട്ട്, മഴക്കെടുതി തുടങ്ങിയ സന്ദർഭങ്ങളിൽ നാട്ടുകാർക്ക് വേഗത്തിൽ സഹായം എത്തിക്കുക എന്നതിനാണ് പുതിയ ഫയർ സ്റ്റേഷന്റെ ആവശ്യകതയ്ക്ക് മുൻതൂക്കം നൽകിയത്. ഇതിന്റെ ഭാഗമായി 2026–27 സംസ്ഥാന ബജറ്റിൽ പദ്ധതിക്കായി തുക നീക്കിവെച്ചിരുന്നു.
ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ തുടർനടപടികൾ മുന്നോട്ടുപോകുന്നതിനിടെയാണ് ആഭ്യന്തരവകുപ്പ് ഇപ്പോൾ ഭരണാനുമതി നൽകിയിരിക്കുന്നത്.
സ്റ്റേഷൻ യാഥാർഥ്യമാകുന്നതോടെ കറ്റാനവും സമീപപ്രദേശങ്ങളും ഉൾപ്പെടുന്ന ദുരന്തനിവാരണ, രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ.

