ജിദ്ദ സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ; നവംബർ 24 വരെ നിയന്ത്രണം

ജിദ്ദ സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ; നവംബർ 24 വരെ നിയന്ത്രണം

മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി. നവംബർ 24 വരെ ഈ സർവീസുകൾ നിർത്തിവെച്ചതായി എയർ ഇന്ത്യ അറിയിച്ചു.

റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ നവംബർ 30 വരെ റദ്ദാക്കിയ നടപടി തുടരുമെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ദിവസം മറ്റ് വിമാനക്കമ്പനികളും സർവീസുകൾ വെട്ടിച്ചുരുക്കിയിരുന്നു.

നവംബർ 24 വരെ യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട്, യാത്രാ തീയതി മാറ്റം, റീ-ഷെഡ്യൂളിങ് എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു.

അതിനിടെ, ഹൂത്തികളും സൗദി സഖ്യസേനയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി. റിയാദിലെ കിം അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് ടവറിന് നേരെ നടന്ന ഹൂതി ആക്രമണത്തെ ലോക രാജ്യങ്ങൾ അപലപിച്ചു. യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളും ആക്രമണത്തെ വിമർശിക്കുകയും സൗദിക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.

സൗദിയെ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണമാണ് ഹൂത്തികൾ നടത്തിയത്. ഇതിന് തിരിച്ചടിയായി ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ സംഭരണശാലകളും ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങളും ഉൾപ്പെടെ 60 സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി സഖ്യസേന അറിയിച്ചു.

ഇറാൻ–അമേരിക്ക പോരാട്ടത്തിനൊപ്പം യമനിലെ സംഘർഷവും പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഹോര്‍മൂസില്‍ രണ്ട് മണിക്കൂറിനിടെ രണ്ട് എണ്ണ ടാങ്കറുകൾ കൂടി സ്ഫോടനത്തിൽപ്പെട്ടതായി ഐആര്‍ജിസി അറിയിച്ചു.

അൽ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം ഹൂതികൾ തിരിച്ചുപിടിച്ചതായും റിപ്പോർട്ടുകളുണ്ട്. ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഈ കടൽപാതയുടെ നിയന്ത്രണം ആഗോള ചരക്കുനീക്കത്തിൽ നിർണായകമാണ്.