ഐടി പാർക്കുകളിൽ ഒന്നിലധികം മദ്യശാലകൾ അനുവദിക്കാനുള്ള ചട്ടഭേദഗതി നിയമസഭാ സബ്ജക്ട് കമ്മിറ്റി ഇപ്പോൾ മാറ്റിവെച്ചിരിക്കുകയാണ്. പുതിയ മദ്യനയം വന്നതിന് ശേഷം മാത്രം തീരുമാനമെടുത്താൽ മതിയെന്ന് എക്സൈസ് മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഈ അഭിപ്രായത്തോട് യോജിച്ച മുഖ്യമന്ത്രിയാണ് ചട്ടഭേദഗതി മാറ്റിവെക്കാൻ തീരുമാനിച്ചത്.
ഒരു ക്യാമ്പസിൽ ഒന്നിലധികം മദ്യശാലകൾ വേണമെന്ന നിർദ്ദേശം ഭരണപക്ഷത്തും പ്രതിപക്ഷത്തും ഒരുപോലെ എതിർപ്പുണ്ടാക്കി. ഇതോടെയാണ് കമ്മിറ്റിയിൽ ഇത് മാറ്റിവെക്കപ്പെട്ടത്. മുൻ സർക്കാർ കൊണ്ടുവന്ന ഈ ഭേദഗതിയെ പ്രതിപക്ഷ എംഎൽഎമാർ കമ്മിറ്റിയിൽ ശക്തമായി എതിർത്തിരുന്നു.
ഐടി പാർക്കുകളിൽ മദ്യശാലകൾ വേണമെന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് മുൻ മുഖ്യമന്ത്രി പിണറായി വിജയനാണ്. ആദ്യഘട്ടത്തിൽ ഐടി പാർക്കിന്റെ ഡെവലപ്പർക്ക് മാത്രമായിരുന്നു ലൈസൻസ് നൽകാൻ വ്യവസ്ഥ ചെയ്തിരുന്നത്. എന്നാൽ ഒരു പാർക്കിന്റെയും സിഇഒമാർ ബാറിന് അപേക്ഷിച്ചില്ല. ബാർ നടത്തിയുള്ള പരിചയക്കുറവും, ഒരു ക്യാമ്പസിൽ ഒരു മദ്യശാല മറ്റ് നിക്ഷേപകർക്ക് ബുദ്ധിമുട്ടാകുമെന്ന ആശങ്കയുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഈ സാഹചര്യത്തിൽ കോ-ഡെവലപ്പർമാർക്കും ലൈസൻസ് നൽകണമെന്ന് ഐടി വകുപ്പ് ശുപാർശ ചെയ്തു. അതനുസരിച്ച് ഡെവലപ്പർക്കും കോ-ഡെവലപ്പർക്കും ശുപാർശ ചെയ്യുന്ന കമ്പനികൾക്കും ലൈസൻസ് അനുവദിക്കാമെന്ന ഭേദഗതി മുൻ സർക്കാർ കൊണ്ടുവന്നു. ഇതാണ് ധനകാര്യ സബ്ജക്ട് കമ്മിറ്റിയിൽ അവതരിപ്പിച്ചത്.
അതേസമയം, കരട് മദ്യനയം പരിശോധിക്കാനുള്ള യുഡിഎഫ് ഉപസമിതി ഇതുവരെ രൂപീകരിച്ചിട്ടില്ല. ഉപസമിതിയുടെ അധ്യക്ഷനെ തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. കരടിലെ നിർദ്ദേശപ്രകാരം ഫോർ സ്റ്റാർ പദവിക്ക് മുകളിലുള്ള ഹോട്ടലുകൾക്ക് ബാർ അനുവദിച്ചാൽ മതി. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ബാറുടമയും ഉത്തരവാദിയാകണമെന്ന ശുപാർശയും ഉപസമിതി പരിശോധിക്കും.

