പ്രത്യേക പാർലമെന്റ് സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 3 വരെ നടക്കാനിരിക്കെ, ഇന്ന് രാവിലെ 11.30ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്റെ നിർണായക യോഗം ചേരുന്നു.
മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ബില്ലിനെ പിന്തുണയ്ക്കുമെന്ന് എൻസിപി (ശരദ് പവാർ വിഭാഗം) വ്യക്തമാക്കിയതോടെ, പാർട്ടി നേതാവ് സുപ്രിയ സുലെ യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് വിവരം.
ബില്ലിനെച്ചൊല്ലി പ്രതിപക്ഷ പാർട്ടികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ യോഗം. എല്ലാ സംസ്ഥാനങ്ങളിലും ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കണമെന്ന വ്യവസ്ഥയോടെയാണ് എൻസിപി (ശരദ് ചന്ദ്ര പവാർ) ബില്ലിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനിടെ, ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇന്ത്യാ സഖ്യത്തിന് പുറത്തുള്ള ഡിഎംകെ, ആം ആദ്മി പാർട്ടി, ബിജു ജനതാദള്‍ തുടങ്ങിയ പ്രതിപക്ഷ പാർട്ടികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
വനിതാ സംവരണം നേരത്തേ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് കേന്ദ്രസർക്കാർ മണ്ഡല പുനർനിർണയ ബിൽ വീണ്ടും കൊണ്ടുവരുന്നത്. നിലവിലുള്ള ബിൽ പിൻവലിച്ച് പുതുക്കിയ ബിൽ അവതരിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാനാണ് പുതിയ നിർദേശം. സംസ്ഥാന നിയമസഭകളിലെ അംഗങ്ങളുടെ പരമാവധി എണ്ണം 650 ആക്കാനും ലോക്‌സഭയുടെ അംഗബലം 850 ആയി ഉയർത്താനും വ്യവസ്ഥയുണ്ട്.
ബില്ലിലെ പ്രധാന നിർദേശം ആകെ സീറ്റുകളുടെ മൂന്നിലൊന്ന് വനിതകൾക്കായി സംവരണം ചെയ്യുക എന്നതാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ വനിതകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. മണ്ഡല പുനർനിർണയത്തിലൂടെയായിരിക്കും വനിതാ സംവരണം നടപ്പാക്കുക.
നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പുതുക്കിയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.






