കാസർകോട് കോൺഗ്രസിൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തെച്ചൊല്ലി തർക്കം രൂക്ഷമായിരിക്കുകയാണ്. ഇടത് അനുകൂല അഭിഭാഷക സംഘടനയിൽ ഉൾപ്പെട്ട വിദ്യാധരൻ നമ്പ്യാരെ നിയമിച്ചതിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിക്കുന്നത്.
ഡിസിസി നൽകിയ പട്ടിക അട്ടിമറിക്കപ്പെട്ടു എന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. എന്നാൽ ഡിസിസി നൽകിയ പട്ടികയിൽ വിദ്യാധരൻ നമ്പ്യാരുടെ പേര് മൂന്നാമതായി ഉണ്ടായിരുന്നുവെന്നും ജില്ലാ കമ്മിറ്റി തന്നെയാണ് ഈ തീരുമാനമെടുത്തതെന്നും എംപി കൂടിയായ രാജ്മോഹൻ ഉണ്ണിത്താൻ വാദിച്ചു.
ഈ വാദത്തെ തള്ളി ഡിസിസി അധ്യക്ഷൻ പി കെ ഫൈസലും രംഗത്തെത്തി. ഉണ്ണിത്താനെ എതിർത്ത ഫൈസൽ, അദ്ദേഹത്തിന്റെ വാദം തെറ്റാണെന്നും കെപിസിസിക്ക് പരാതി നൽകിയെന്നും വ്യക്തമാക്കി. കെപിസിസി ഭാരവാഹി യോഗത്തിൽ ഫൈസൽ ഉണ്ണിത്താനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതോടെ ഇരുവരും രണ്ട് ചേരിയിലായി.
വിവാദത്തിന് തുടക്കമിട്ടത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. വെള്ളം കോരിയവനും വിറക് വെട്ടിയവനും പുറത്തായെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. യൂത്ത് കോൺഗ്രസ് മുന്നോട്ടുവച്ച പേരുകൾ പരിഗണിച്ചില്ലെന്ന് ജില്ലാ കമ്മിറ്റിയും പരാതിപ്പെട്ടു. ബേഡകത്തുള്ള ഒരു കോൺഗ്രസ് അഭിഭാഷകന്റെ പേര് പരിഗണിക്കപ്പെട്ടില്ലെന്നും അവർ ആരോപിച്ചു.
വ്യാജ മെമ്പർഷിപ്പിന്റെ പേര് പറഞ്ഞ് ഉണ്ണിത്താൻ പരിഹസിച്ചതിലും യൂത്ത് കോൺഗ്രസിന് കടുത്ത അമർഷമുണ്ട്. ഈ പരിഹാസത്തിന് മറുപടിയായി കാർട്ടൂൺ വീഡിയോ പുറത്തിറക്കിയും യൂത്ത് കോൺഗ്രസ് പ്രതികരിച്ചു.







