സഹകരണ വാരാഘോഷ പരിപാടിക്കിടെ പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണൻ പ്രസംഗിക്കുമ്പോൾ സിപിഎം പ്രവർത്തകർ അത് തടസ്സപ്പെടുത്തി. ഇതിനുപിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയത്. സഹകരണ മേഖലയിലെ അഴിമതിക്കെതിരെ സംസാരിച്ചതിനാണ് എംഎൽഎയ്ക്ക് നേരെ സിപിഎം ആക്രമണം അഴിച്ചുവിട്ടതെന്ന് അദ്ദേഹം ആരോപിച്ചു.
ജനങ്ങളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാൻ ശ്രമിക്കുന്നതിന്റെയും കേരള രാഷ്ട്രീയത്തിന്റെ ക്രിമിനൽവൽക്കരണത്തിന്റെയും ഉദാഹരണമാണ് ഇതെന്ന് രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. സഹകരണ സ്ഥാപനങ്ങൾ, പബ്ലിക് സർവീസ് കമ്മീഷൻ, ദേവസ്വം ബോർഡ് തുടങ്ങി പൊതുജനസേവനത്തിനുള്ള സ്ഥാപനങ്ങളെല്ലാം സിപിഎം കയ്യടക്കി വച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ 1,582 കോടി രൂപയുടെ ക്രമക്കേട് നടന്നതായും അദ്ദേഹം ആരോപിക്കുന്നു. 450 സഹകരണ സംഘങ്ങൾക്ക് നിക്ഷേപകരുടെ പണം തിരികെ നൽകാൻ കഴിയുന്നില്ല. 251 സംഘങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി. ഏകദേശം 550 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട 27 സഹകരണ ബാങ്ക് കേസുകൾ ഇ ഡി അന്വേഷിക്കുന്നുണ്ട്. ഏകദേശം 128 കോടി രൂപയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടിയ കരുവന്നൂർ കേസിൽ സിപിഎം ആണ് പ്രതിസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നേമത്തു മാത്രം 1,200-ലധികം നിക്ഷേപകർ തങ്ങളുടെ പണം തിരികെ ലഭിക്കാൻ കാത്തിരിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ എക്സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. റിസ്ക് ഫണ്ട് ഉപയോഗിച്ച് ദുരിതമനുഭവിക്കുന്ന നിക്ഷേപകർക്ക് ആശ്വാസം നൽകുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമർശിച്ചു.
അഴിമതിയിൽ നിന്നും മറ്റ് പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് സിപിഎമ്മും കോൺഗ്രസും രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സഹകരണ സ്ഥാപനങ്ങൾ ശുദ്ധീകരിക്കുമെന്നും നിക്ഷേപകർക്ക് നീതി ഉറപ്പാക്കുമെന്നും എൻഡിഎയുടെ ‘വികസിത കേരളം’ പ്രകടന പത്രികയിൽ വാഗ്ദാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കീഴിൽ സഹകരണ സ്ഥാപനങ്ങൾ വളർച്ചയുടെ ചാലകശക്തിയായി മാറുമ്പോൾ കേരളത്തിൽ അവ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും അവരുടെ കൂട്ടാളികളുടെയും എടിഎമ്മുകളായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ ചൂഷണവും അഴിമതിയും അവസാനിപ്പിക്കുമെന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.







