ശിവഗിരി മഠം സന്ദർശിക്കുന്നതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ഒപ്പമുണ്ടായിരുന്നു.
ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ പരിധിയിൽ ഒതുങ്ങുന്നവയല്ലെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന ഗുരുവചനം ഐക്യത്തിനും സമാധാനത്തിനും സാഹോദര്യത്തിനുമുള്ള കാലാതീത സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. മതസംഘർഷങ്ങൾക്കപ്പുറം സ്നേഹവും കാരുണ്യവും സഹവർത്തിത്വവും മുന്നോട്ടുവെക്കുന്ന ഈ ദർശനങ്ങൾ ഇന്ന് ഏറെ പ്രസക്തമാണെന്നും ചൂണ്ടിക്കാട്ടി.
ജാതിവ്യത്യാസവും മതവിദ്വേഷവും മറികടന്ന് മനുഷ്യസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം സമൂഹത്തിൽ കൂടുതൽ വ്യാപിപ്പിക്കണമെന്നും ഗുരുദേവന്റെ വിശ്വമാനവിക ദർശനങ്ങൾ കാലത്തിന് വഴികാട്ടിയാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശിവഗിരി മഠത്തിന്റെ ആത്മീയവും സാമൂഹികവുമായ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനും ഗുരുദേവ സന്ദേശം ദേശീയ, അന്തർദേശീയ തലങ്ങളിൽ എത്തിക്കാനും ആവശ്യമായ പിന്തുണയും സഹകരണവും കേന്ദ്രസർക്കാരിൽ നിന്ന് ഉറപ്പാക്കാൻ ഇടപെടുമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ഗുരുദേവൻ വിഭാവനം ചെയ്ത സാമൂഹിക നവോത്ഥാനം തുടരണമെങ്കിൽ ശ്രീനാരായണ പ്രസ്ഥാനങ്ങൾ തമ്മിൽ ഐക്യവും പരസ്പര സഹകരണവും അനിവാര്യമാണെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം, ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ്, ശ്രീനാരായണ ട്രസ്റ്റ് എന്നിവയെല്ലാം ഒരേ ഗുരുദർശനത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്നവയാണെന്നും അവയ്ക്കിടയിൽ കൂടുതൽ ഏകോപനവും ആശയ ഐക്യവും വളരണമെന്നും അദ്ദേഹം പറഞ്ഞു. ഇത് വിദ്യാഭ്യാസം, ആത്മീയത, സാമൂഹിക നീതി, പിന്നാക്ക ജനവിഭാഗങ്ങളുടെ ശാക്തീകരണം എന്നീ മേഖലകളിൽ വലിയ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും പറഞ്ഞു.
“സംഘടനകൊണ്ട് ശക്തരാകുക, വിദ്യകൊണ്ട് പ്രബുദ്ധരാകുക” എന്ന ഗുരുദേവ സന്ദേശം ഉൾക്കൊണ്ട് പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് കഴിയണമെന്നും തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
ഇതിനിടെ, ഇരുവരും ഗുരുദേവന്റെ മഹാസമാധിയിൽ സമൂഹപ്രാർത്ഥനയിലും ഗുരുപുഷ്പാഞ്ജലിയിലും ദീപാർപ്പണത്തിലും പങ്കെടുത്ത് പ്രണാമം അർപ്പിച്ചു. പിന്നീട് ധർമസംഘം ട്രസ്റ്റിന്റെ പുതിയ പ്രസിഡന്റ് സ്വാമി ഋതംബരാനന്ദ, ജനറൽ സെക്രട്ടറി പത്മശ്രീ സ്വാമി വിശുദ്ധാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി വിശാലാനന്ദ എന്നിവരെ നേരിൽ കണ്ട് ആശംസകൾ നേർന്നു. പുതിയ ഭാരവാഹികളെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. ഗുരുദർശനങ്ങൾ പുതുതലമുറയിലേക്ക് എത്തിക്കാനും ശിവഗിരി മഠത്തിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും പുതിയ നേതൃത്വത്തിന് കഴിയട്ടെ എന്ന് ഇരുവരും ആശംസിച്ചു.
അജി എസ്.ആർ.എം, ഗോകുൽദാസ്, അഡ്വ. സിനിൽ മുണ്ടപ്പള്ളി, സന്ദീപ് പച്ചയിൽ, പ്രമോദ് കണ്ണൻ, രജികുമാർ, ബിബിൻ രാജ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

