സംസ്ഥാന സർക്കാരിന്റെ 2027 കലണ്ടർ വിൽപ്പനയിൽ റെക്കോർഡ് നേട്ടം. ഒക്ടോബർ 23-ന് വിൽപ്പന തുടങ്ങി നവംബർ 12 വരെയുള്ള 13 ദിവസത്തിനുള്ളിൽ ആകെ 1,72,836 കലണ്ടറുകൾ വിറ്റഴിഞ്ഞു. ഇതിൽ 1,57,226 എണ്ണം നേരിട്ട് വിറ്റപ്പോൾ 15,610 എണ്ണം സൗജന്യമായി വിതരണം ചെയ്തു. പത്ത് കലണ്ടറിന് ഒന്ന് എന്ന കണക്കിലാണ് സൗജന്യ വിതരണം. സർക്കാർ കലണ്ടറിന്റെ വില 40 രൂപയാണ്.
കഴിഞ്ഞ വർഷം മാർച്ച് വരെ ആകെ വിറ്റത് 1.65 ലക്ഷം കലണ്ടറുകൾ മാത്രമായിരുന്നു. ഇത്തവണ രണ്ടാഴ്ചയ്ക്കുള്ളിൽ ആ വിൽപ്പന മറികടക്കാനായി. ഈ സാഹചര്യത്തിൽ 10 ലക്ഷം കലണ്ടറുകൾ അച്ചടിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതുവരെ വിവിധ ഡിപ്പോകളിലേക്ക് 2,96,000 കലണ്ടറുകൾ എത്തിച്ചു; അതിൽ 1,23,164 എണ്ണം മാത്രമാണ് ഇനി സ്റ്റോക്കുള്ളത്.
നവംബർ 12 വൈകുന്നേരത്തെ ഔദ്യോഗിക കണക്ക് പ്രകാരം ഏറ്റവും കൂടുതൽ കലണ്ടറുകൾ വിറ്റത് തിരുവനന്തപുരത്തെ ജി.സി.പി പബ്ലിക്കേഷൻ വഴിയാണ്. ഇവിടെ നിന്ന് 40,360 കലണ്ടറുകൾ (36,749 വിൽപ്പന, 3,611 സൗജന്യം) വിതരണം ചെയ്തു.
ജില്ലാ ഫോറം സ്റ്റോറുകളിൽ എറണാകുളമാണ് മുന്നിൽ. കോട്ടയം 16,396, തൃശൂർ 14,001, പാലക്കാട് 13,117, കോഴിക്കോട് 12,665, കൊല്ലം 12,594, കണ്ണൂർ 12,145, ആലപ്പുഴ 9,375, മലപ്പുറം 9,039, പത്തനംതിട്ട 4,254 എന്നിങ്ങനെയാണ് വിൽപ്പന. മണ്ണന്തല എഫ്.എസ് 1,917, കാസർകോട് 1,493, വയനാട് 1,281 എന്നിങ്ങനെയും.
ഒക്ടോബർ 30 മുതൽ നവംബർ 10 വരെയുള്ള 12 ദിവസത്തിനിടെ മാത്രം എറണാകുളത്ത് 23,615 കലണ്ടറുകൾ വിറ്റു; മുൻവർഷം ഇത് 15,998 ആയിരുന്നു. കോട്ടയത്ത് 13,000-ൽ നിന്ന് 14,970 ആയും, തൃശൂരിൽ 13,000-ൽ നിന്ന് 13,748 ആയും, കോഴിക്കോട് 10,000-ൽ നിന്ന് 12,628 ആയും, കൊല്ലത്ത് 7,000-ൽ നിന്ന് 12,577 ആയും, മലപ്പുറത്ത് 6,000-ൽ നിന്ന് 8,466 ആയും വിൽപ്പന ഉയർന്നു.

