ഇന്ത്യയിൽ വിവാഹിതരായ ദമ്പതികൾക്ക് വിദേശ രാജ്യത്ത് വെച്ച് അവിടുത്തെ ഉദാരമായ നിയമങ്ങൾ അനുസരിച്ച് വിവാഹമോചനം നേടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇന്ത്യൻ നിയമം അംഗീകരിക്കാത്ത കാരണങ്ങളുടെ അടിസ്ഥാനത്തിൽ വിദേശ കോടതികളിൽ നിന്ന് വിവാഹമോചനം നേടി വീണ്ടും വിവാഹം കഴിക്കുന്നവർ ഒരേസമയം രണ്ട് വിവാഹബന്ധങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ ക്രിമിനൽ നടപടികൾ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ഇന്ത്യൻ ദമ്പതികൾക്കിടയിൽ വിദേശ കോടതിയിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം പുനർവിവാഹം ചെയ്യുന്ന പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ വിധി വന്നിരിക്കുന്നത്. വിദേശ പൗരത്വം സ്വീകരിച്ച ശേഷമാണ് രണ്ടാം വിവാഹം കഴിച്ചതെങ്കിലും, ഇന്ത്യൻ നിയമപ്രകാരം ആദ്യ വിവാഹം നിലനിൽക്കുന്നതിനാൽ നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
വിവാഹബന്ധം വീണ്ടെടുക്കാനാകാത്ത വിധം തകർന്നു എന്ന കാരണം പറഞ്ഞ് വിദേശ കോടതിയിൽ നിന്ന് വിവാഹമോചനം നേടുന്നത് സിവിൽ നടപടിക്രമത്തിലെ സെക്ഷൻ 13-ന്റെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് പൗരത്വം നേടിയ ശേഷം ബ്രിട്ടനിലെ കോടതിയിൽ നിന്ന് വിവാഹമോചനം നേടി പുനർവിവാഹം ചെയ്ത യുവാവ് സമർപ്പിച്ച ഹർജി കോടതി തള്ളി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 494 പ്രകാരം തനിക്കെതിരെ കേസെടുക്കാനാകില്ലെന്ന പ്രതിയുടെ വാദവും കോടതി നിരസിച്ചു.
ഇന്ത്യയിൽ ഹൈന്ദവ ആചാരപ്രകാരം വിവാഹം കഴിച്ചയാൾ, ആ ബന്ധം ഇന്ത്യയിൽ നിയമപരമായി വേർപെടുത്താതെ വിദേശത്ത് വെച്ച് പുനർവിവാഹം ചെയ്താൽ അത് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി. എന്നാൽ ഇതേ കേസിൽ യുവാവിന്റെ ഇപ്പോഴത്തെ ഭാര്യക്കെതിരായ നടപടികൾ കോടതി റദ്ദാക്കി.

