പട്ടിണിയിൽ നിന്ന് പഠനത്തിലേക്ക്: അഭിമന്യുവിന്റെ കുറിപ്പ് കോടതിയിൽ

പട്ടിണിയിൽ നിന്ന് പഠനത്തിലേക്ക്: അഭിമന്യുവിന്റെ കുറിപ്പ് കോടതിയിൽ

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്–ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടരുകയാണ്. ഈ വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത് അഭിമന്യു സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പാണ്. തനിക്ക് ഭക്ഷണം നൽകിയ കുട്ടിക്കായി എഴുതിയതാണ് ഈ കുറിപ്പ്. പട്ടിണിയോട് പൊരുതിയാണ് അഭിമന്യു പഠിക്കാനെത്തിയത് എന്ന് ബോധ്യപ്പെടുത്താനാണ് പ്രോസിക്യൂഷൻ ഇത് കാണിച്ചത്.

കുറിപ്പിൽ ഇങ്ങനെയായിരുന്നു എഴുതിയിരുന്നത്: “ഇന്ന് പട്ടിണി മാത്രമായിരുന്നു. എന്തായാലും വയറു നിറയെ ഭക്ഷണം കഴിച്ചു. വയറു നിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി.”

സംഭവസമയത്ത് തനിക്ക് ഇടിക്കട്ടകൊണ്ട് മർദനമേറ്റ് മുഖത്ത് പരിക്കേറ്റതായി സാക്ഷികളിലൊരാളായ രാഹുൽ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചു. കുത്തേറ്റ അർജുനെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടതായും രാഹുൽ പറഞ്ഞു. ഇടിക്കട്ടകൊണ്ട് മർദിച്ച മൂന്നാം പ്രതി റിയാസ് ഹുസൈനെ രാഹുൽ കോടതിയിൽ തിരിച്ചറിഞ്ഞു.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണന് മുമ്പാകെയാണ് വിസ്താരം നടക്കുന്നത്.