ചേരാനല്ലൂരിൽ 56 വയസ്സുകാരന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ, വാഹനമോടിച്ച 17 വയസ്സുകാരന് അനുവദിച്ച ജാമ്യം ചോദ്യം ചെയ്തുള്ള ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കീഴ്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ആവശ്യം.
മക്കളായ ഭദ്രകീർത്തിയും ഭരത് ശങ്കറും നൽകിയ ക്രിമിനൽ റിവിഷൻ ഹരജി ജസ്റ്റിസ് സി. ജയചന്ദ്രന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്. പ്രതിക്ക് ജാമ്യം നൽകിയ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെയും ആ ഉത്തരവ് ശരിവെച്ച കുട്ടികളുടെ കോടതിയുടെയും തീരുമാനങ്ങൾ റദ്ദാക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു.
ഒരാളുടെ ജീവൻ നഷ്ടപ്പെട്ട കേസിൽ പ്രതിയെ ജാമ്യത്തിൽ വിട്ടത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുമെന്നും, പ്രതിയെ ഒബ്സെർവേഷൻ ഹോമിലേക്ക് അയക്കണമെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടുന്നു. കുട്ടിയുടെ പിതാവ് സർവീസിലുള്ള ജുഡീഷ്യൽ ഓഫീസറാണെന്നതും ഹരജിയിൽ പരാമർശിക്കപ്പെടുന്നു. ഇത്തരം സാഹചര്യത്തിൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അവർ കോടതിയെ ഓർമിപ്പിച്ചു.
ഇത് കേവലം അശ്രദ്ധമൂലമുണ്ടായ അപകടമല്ലെന്നും, മനുഷ്യജീവനോട് പ്രതി കാട്ടിയത് വിലകൽപ്പിക്കാത്ത മനോഭാവമാണെന്നും ഹരജിയിൽ പറയുന്നു. അപകടത്തിന് ശേഷം പൊലീസിന് സംഭവിച്ച വീഴ്ചകളും അവർ ചൂണ്ടിക്കാട്ടുന്നു.
ഒക്ടോബർ 25നാണ് ചേരാനല്ലൂരിൽ അപകടമുണ്ടായത്. ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനായ പതിനേഴുകാരൻ അമിതവേഗത്തിൽ ഓടിച്ച ബെൻസ് കാർ ഇടിച്ചാണ് സ്കൂട്ടർ യാത്രികനായ മാഞ്ഞാലി പുത്തൻപറമ്പിൽ ജയബാലകൃഷ്ണൻ (55) മരിച്ചത്. സംഭവത്തിനു പിന്നാലെ കേസ് അട്ടിമറിക്കാൻ ശ്രമങ്ങളുണ്ടായെന്ന് ആരോപണമുയർന്നു. ദുർബല വകുപ്പുകൾ ചുമത്തി പതിനേഴുകാരനെ ജാമ്യത്തിൽ വിട്ടു. പ്രതിഷേധം ശക്തമായതോടെയാണ് കുറ്റകരമായ നരഹത്യാ വകുപ്പ് ചേർത്തത്.
സംഭവസ്ഥലത്തെത്തിയ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനിൽ ധിക്കാരപരമായി പെരുമാറിയത് വിവാദമായിരുന്നു. ഗുരുതര വകുപ്പുകൾ ചുമത്താതിരുന്നതിനാൽ പതിനേഴുകാരന് സ്റ്റേഷൻ ജാമ്യം ലഭിക്കാനുള്ള സാഹചര്യമൊരുങ്ങി.
കാർ ഓടിക്കാനുള്ള ആഗ്രഹം കൊണ്ട് വീട്ടുകാരറിയാതെയാണ് വാഹനവുമായി പുറത്തിറങ്ങിയതെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി. ഇരുട്ടും മഴയുമുണ്ടായിരുന്നതിനാൽ റോഡിൽ വാഹനങ്ങൾ കണ്ടില്ലെന്നും സ്കൂട്ടർ ശ്രദ്ധയിൽപ്പെട്ടില്ലെന്നും അവൻ പറഞ്ഞു.
പ്രതിയുടെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജി റിനോ ഫ്രാൻസിസിനെ കേസിൽ പ്രതി ചേർത്തിരുന്നെങ്കിലും പിന്നീട് ഹൈക്കോടതി അദ്ദേഹത്തിന് മുൻകൂർ ജാമ്യം അനുവദിച്ചു. ഈ കേസിൽ അസാധാരണമായി എന്താണുള്ളതെന്നും, എല്ലാ കേസുകളിലും ഇത്തരത്തിൽ വിശദമായ എതിർ സത്യവാങ്മൂലം നൽകാറുണ്ടോ എന്നും, എ.ഡി.ജി.പി ഉൾപ്പെടെ ഹാജരാകേണ്ടതെന്തിനെന്നും കോടതി വിമർശനമുന്നയിച്ചിരുന്നു. ഇതിനിടെ കോടതിയിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കി ഭദ്രകീർത്തി രംഗത്തെത്തി.

