സൂപ്പർഫാസ്റ്റ് പദവി നഷ്ടപ്പെടുന്ന എട്ട് ട്രെയിനുകൾ; യാത്രക്കാർക്ക് ലാഭം

സൂപ്പർഫാസ്റ്റ് പദവി നഷ്ടപ്പെടുന്ന എട്ട് ട്രെയിനുകൾ; യാത്രക്കാർക്ക് ലാഭം

കേരളത്തിലൂടെ സർവീസ് നടത്തുന്ന എട്ട് ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി മാറ്റി എക്‌സ്പ്രസ് വിഭാഗത്തിലേക്ക് ആക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേർന്ന റെയിൽവേ ബോർഡ് യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. 2027 ജനുവരി ഒന്നുമുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.

സൂപ്പർഫാസ്റ്റിൽ നിന്ന് എക്‌സ്പ്രസിലേക്ക് മാറുന്നതോടെ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകും. സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്ക് അധികമായി ഈടാക്കിയിരുന്ന 15 രൂപ മുതൽ 45 രൂപ വരെയുള്ള സപ്ലിമെന്ററി ചാർജ് ഇനി നൽകേണ്ടി വരില്ല.

എന്നാൽ ട്രെയിനുകളുടെ സമയക്രമത്തിലോ സ്റ്റോപ്പുകളിലോ മാറ്റമുണ്ടാകില്ല. നിലവിലെ സർവീസ് രീതിയിൽ തന്നെ ട്രെയിനുകൾ തുടരും.

നമ്പറുകളിലും മാറ്റമുണ്ടാകും. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിന്റെ നമ്പർ 12075ൽ നിന്ന് 16375 ആകും; മടക്കയാത്രയുടേത് 16376 ആകും. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദിയുടെ 12081 എന്ന നമ്പർ 16379 ആയും തിരുവനന്തപുരം-കണ്ണൂർ സർവീസിന്റേത് 16380 ആയും മാറും. ഈ രണ്ട് ജനശതാബ്ദി സർവീസുകളും ഇനി എക്‌സ്പ്രസ് വിഭാഗത്തിലായിരിക്കും.

എറണാകുളം-പട്‌ന ബൈവീക്കിലി എക്‌സ്പ്രസിന്റെ നമ്പർ 22643ൽ നിന്ന് 16359 ആകും. പട്‌ന-എറണാകുളം സർവീസിന്റെ 22644 എന്ന നമ്പർ 16360 ആയി മാറും. തിരുവനന്തപുരം നോർത്ത്-ലോക്മാന്യതിലക് സർവീസുകളുടെ നമ്പറുകൾ 12201, 12202 എന്നിവയിൽ നിന്ന് യഥാക്രമം 16371, 16372 ആകും. എന്നാൽ ഈ സർവീസുകളുടെ നമ്പർ മാറ്റം ജനുവരി ഒന്നിന് നടപ്പാക്കില്ല; ജനുവരി ആദ്യവാരത്തിന് ശേഷമാകും പുതിയ നമ്പറുകൾ നിലവിൽ വരിക.