ശബരിമല നെയ്യ്: മില്‍മ വീണ്ടും; വിജിലന്‍സ് അനുമതിയോടെ

ശബരിമല നെയ്യ്: മില്‍മ വീണ്ടും; വിജിലന്‍സ് അനുമതിയോടെ

പത്തനംതിട്ട ഡയറിയില്‍ നിന്ന് 5000 ലിറ്റര്‍ നെയ്യുമായുള്ള വാഹനം ശബരിമലയിലേക്ക് പുറപ്പെട്ടു. ഉദ്യോഗസ്ഥ സുരക്ഷയിലാണ് മില്‍മ നെയ് സന്നിധാനത്തേക്ക് എത്തിക്കുന്നത്.

ഇത്തവണ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ ആരും എത്തിയിരുന്നില്ല. അതിനെത്തുടര്‍ന്നാണ് അടിയന്തരമായി മില്‍മയില്‍ നിന്ന് തന്നെ നെയ്യ് വാങ്ങാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. വിജിലന്‍സില്‍ നിന്ന് അനുമതി ലഭിച്ചതോടെയാണ് മില്‍മയും ബോര്‍ഡും ധാരണയിലെത്തിയത്.

കഴിഞ്ഞ വര്‍ഷത്തെ നെയ്യ് ക്രമക്കേട് വലിയ വിവാദമായിരുന്നു. ശബരിമലയിലേക്കുള്ള മില്‍മ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റ ശേഷം നിലവാരം കുറഞ്ഞ നെയ്യ് സന്നിധാനത്ത് എത്തിച്ചെന്നാണ് കേസ്. ഈ കേസ് നിലനില്‍ക്കെയാണ് വീണ്ടും കരാര്‍ ഉണ്ടാകുന്നത്.

ആദ്യം മില്‍മയെ ഒഴിവാക്കി ദേവസ്വം ബോര്‍ഡ് റീ ടെന്‍ഡര്‍ വിളിച്ചിരുന്നു. എന്നാല്‍ ടെന്‍ഡറില്‍ വന്നത് നെയ്യ് ക്രമക്കേടില്‍ ആരോപണവിധേയനായ തമിഴ്‌നാട്ടിലെ കരാറുകാരനായിരുന്നു. ഇതോടെ റീ ടെന്‍ഡര്‍ തന്നെ ഒഴിവാക്കി. പിന്നീട് വിളിച്ച ടെന്‍ഡറിലും മറ്റാരും എത്താതിരുന്നതോടെയാണ് മില്‍മയെ ആശ്രയിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്.

മുന്‍ കേസിനെ കണക്കിലെടുത്ത് ഇത്തവണ മില്‍മ സ്വന്തം വാഹനത്തിലാണ് നെയ്യ് എത്തിക്കുന്നത്.