പാലക്കാട് പള്ളിപ്പുറം പരുതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് രാവിലെ 11 മണിയോടെ നടന്ന വെടിവയ്പ്പില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു. ക്ലാസ് മുറിക്കുള്ളില്‍ വച്ചായിരുന്നു സംഭവം. തോളിനാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വെടിവച്ചത് കുട്ടി മനഃപൂര്‍വം ചെയ്തതല്ലെന്നാണ് പൊലീസിന്റെ വിശദീകരണം. കൂട്ടുകാരെ തോക്ക് കാണിക്കാനായി സ്‌കൂളിലേക്ക് കൊണ്ടുവന്നപ്പോള്‍ അബദ്ധത്തില്‍ ട്രിഗര്‍ വലിഞ്ഞതാണെന്ന് പൊലീസ് പറയുന്നു. ലൈസന്‍സില്ലാത്ത നാടന്‍ തോക്കാണ് പൊട്ടിയത്. രണ്ട് റൗണ്ട് മാത്രമാണ് വെടിയുതിര്‍ത്തതെന്നും, തോക്കില്‍ ബാക്കി തിരകള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
തോക്ക് വീട്ടില്‍ കൈവശം വച്ചിരുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് തൃത്താല എസ്‌ഐ സത്യജിത്ത് അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം കുട്ടിയെ നാളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും.







